45 ദിവസത്തിനുള്ളിൽ എൽ.ഇ.ഡി സ്ഥാപിച്ച് തുടങ്ങും
വൈദ്യുതി ഉപഭോഗം കുത്തനെ താഴും
കൊല്ലം: തെരുവ് വിളക്കുകൾ അണയാത്ത നഗരമെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. നഗരത്തിലെ എല്ലാ തെരുവ് വിളക്കുകളും എൽ.ഇ.ഡി ആക്കുന്നതിനൊപ്പം അതിന്റെ പരിപാലനം കാര്യക്ഷമമാക്കുന്ന കോർപ്പറേഷന്റെ ഇന്റലിജന്റ് എൽ.ഇ.ഡി പദ്ധതി നടപ്പിലാക്കാൻ മുംബൈ ആസ്ഥാനമായുള്ള ഇ - സ്മാർട്ട് സൊലൂഷൻസുമായി നഗരസഭ കരാറൊപ്പിട്ടു.
ചെലവ് കമ്പനി വഹിക്കും
പത്ത് വർഷത്തേയ്ക്കാണ് നഗരസഭയ്ക്ക് കമ്പനിയുമായുള്ള കരാർ. കരാർ പ്രകാരം നഗരത്തിൽ നിലവിലുള്ള എല്ലാ സോഡിയം വേപ്പർ ലാമ്പുകളും ട്യൂബ് ലൈറ്റുകളും മാറ്റി കമ്പനി സ്വന്തം ചെലവിൽ 23,700 പുതിയ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കും. ഓരോ സ്ഥലത്തും ആവശ്യമുള്ള പ്രകാശത്തിന്റെ അളവനുസരിച്ച് 15 മുതൽ 90 വാട്സ് വരെയുള്ള എൽ.ഇ.ഡി ലൈറ്റുകളാണ് സ്ഥാപിക്കുക. കേടാവുന്ന തെരുവ് വിളക്കുകൾ 48 മണിക്കൂറിനുള്ളിൽ നന്നാക്കിയില്ലെങ്കിൽ കമ്പനി നിശ്ചിത തുക നഗരസഭയ്ക്ക് പിഴ നൽകണം. പരാതികളുണ്ടെങ്കിൽ പ്രത്യേക ആപ്പിലൂടെ കമ്പനിയെ നേരിട്ട് അറിയിക്കാം. നഗരത്തിൽ പൂർണമായും എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ച് കഴിയുമ്പോൾ ഇതിനുള്ള ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകും
ലാഭത്തിന്റെ 10 ശതമാനം നഗരസഭയ്ക്ക്
തെരുവ് വിളക്കുകളുടെ ഇപ്പോഴത്തെ വൈദ്യുതി ബില്ലായ 31.05 ലക്ഷവും അറ്റകുറ്രപ്പണിക്കായി ചെലവാകുന്ന 5 ലക്ഷവും നഗരസഭ പ്രതിമാസം കമ്പനിക്ക് നൽകും. ഇതിൽ നിന്ന് വൈദ്യുതി ചാർജിലെ ലാഭത്തിന്റെ പത്ത് ശതമാനം നഗരസഭയ്ക്ക് തിരിച്ചു നൽകും. പ്രതിമാസം 2.75 ലക്ഷം രൂപ തിരികെ കിട്ടുമെന്നാണ് പ്രതീക്ഷ. മൂന്നാം വർഷവും എട്ടാം വർഷവും കമ്പനിക്ക് നൽകുന്ന തുകയിൽ മാറ്റം വരുത്തും.
സർവേ ഉടൻ
ഇ - സ്മാർട്ട് സൊലൂഷൻസ് ഈയാഴ്ച തന്നെ തെരുവ് വിളക്കുകളുടെ സർവ്വേ ആരംഭിക്കും. നഗരത്തിലെ 11 ഇലക്ട്രിക് സെക്ഷനുകൾ കേന്ദ്രീകരിച്ച് ഘട്ടംഘട്ടമായാകും പുതിയ ലൈറ്റുകൾ സ്ഥാപിക്കുക. ഇതിന് ശേഷം എല്ലാ വിളക്കുകളെയും ജി.പി.എസ് വഴി ബന്ധിപ്പിച്ചാണ് പ്രകാശ നിയന്ത്രണവും പരിപാലനവും.
ആരോപണങ്ങൾ ഉയരാതിരിക്കാൻ സൂക്ഷ്മ പരിശോധന
ആറ് മാസം മുമ്പാണ് ഇന്റലിജന്റ് എൽ.ഇ.ഡി പദ്ധതി നടപ്പിലാക്കാൻ സർക്കാരിന്റെ അനുമതി ലഭിച്ചത്. പദ്ധതിയെപ്പെറ്റി ആരോപണങ്ങൾ ഉയരാതിരിക്കാൻ ഇ- സ്മാർട്ട് സൊലൂഷൻസ് തയ്യാറാക്കിയ രൂപരേഖ നഗരസഭ പ്രത്യേക സബ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടു. പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കി കരാറൊപ്പിടാൻ നിശ്ചയിച്ചിരുന്ന ദിവസത്തിന്റെ തലേന്ന് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നു. രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം ശനിയാഴ്ചയാണ് കരാറൊപ്പിട്ടത്.
ഇന്റലിജന്റ് എൽ.ഇ.ഡി പദ്ധതി
കമ്പനിയുമായി പത്ത് വർഷത്തെ കരാർ
23,700 എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കും
കേടായാൽ 48 മണിക്കൂറിനുള്ളിൽ നന്നാക്കും.
പരാതികൾ അറിയിക്കാൻ പ്രത്യേക ആപ്പ്
പ്രകാശ നിയന്ത്രണവും പരിപാലനവും ജി.പി.എസ് വഴി