ഇന്ന് വൈകിട്ട് അടച്ചുപൂട്ടാൻ പമ്പ് ഓപ്പറേറ്റർക്ക് നിർദ്ദേശം
കൊട്ടിയം: ശുദ്ധജല ക്ഷാമം ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തിൽ നാലര പതിറ്റാണ്ട് പഴക്കമുള്ള പമ്പ് ഹൗസിന്റെ പ്രവർത്തനം നിറുത്തലാക്കാനുള്ള വാട്ടർ അതോറിറ്റി അധികൃതരുടെ നീക്കത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു.
കോർപ്പറേഷന്റെ വടക്കേവിള മേഖലാ ഓഫീസ് വളപ്പിലുള്ള പമ്പ് ഹൗസാണ് അടച്ചുപൂട്ടാൻ വാട്ടർ അതോറിറ്റി തീരുമാനമെടുത്തിരിക്കുന്നത്. ഇന്ന് വൈകിട്ട് പമ്പ് ഹൗസ് പൂട്ടി ലോഗ് ബുക്കും തോക്കോലും വാട്ടർ അതോറിറ്റി അധികൃതരെ ഏൽപ്പിക്കണമെന്നാണ് ഇവിടുത്തെ പമ്പ് ഓപ്പറേറ്റർക്ക് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.
1975ലാണ് വടക്കേവിള പഞ്ചായത്ത് ഓഫീസ് വളപ്പിൽ കേരളാ വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ അതോറിറ്റി കുഴൽ കിണറും പമ്പ് ഹൗസും സ്ഥാപിച്ചത്. സ്വകാര്യ വ്യക്തി സംഭാവനയായി നൽകിയ സ്ഥലത്ത് വാട്ടർ ടാങ്കും സ്ഥാപിച്ചു. വടക്കേവിള പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം വിതരണം ചെയ്തിരുന്നത് ഇവിടെ നിന്നായിരുന്നു.
സർക്കാർ ജീവനക്കാരിയായ ഒരു സ്ഥിരം പമ്പ് ഓപ്പറേറ്ററും കരാർ അടിസ്ഥാനത്തിൽ ജോലി നോക്കുന്ന രണ്ട് ഓപ്പറേറ്റർമാരുമാണ് നിലവിൽ ഇവിടെയുള്ളത്. പമ്പ് ഹൗസ് അടച്ചു പൂട്ടുന്നതോടെ വർഷങ്ങളായി ഇവിടെ ജോലി നോക്കുന്ന താത്കാലിക ജീവനക്കാരുടെ തൊഴിൽ നഷ്ടമാകും. കൂടാതെ പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും ഇത് കാരണമാകും.
നിലവിൽ മുള്ളുവിള, മണക്കാട്, അയത്തിൽ, വടക്കേവിള ഭാഗങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്തു കൊണ്ടിരിക്കുന്നത് ഇവിടെ നിന്നാണ്. വാട്ടർ അതോറിറ്റിയുടെ നടപടിയിൽ മുള്ളുവിള ആര്യഭട്ടാ ലൈബ്രറി യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഇതിനെതിരെ എം.എൽ.എയ്ക്കും വാട്ടർ അതോറിറ്റി ഉന്നത ഉദ്യാഗസ്ഥർക്കും നിവേദനം നൽകാനും ലൈബ്രറി ഭാരവാഹികൾ തീരുമാനിച്ചു. കൂടാതെ മണക്കാട് പൗരസമിതിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.