ഓച്ചിറ: പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഓച്ചിറ ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ജനകീയക്കൂട്ടായ്മയുടെ ഉദ്ഘാടനം ആർ. രാമചന്ദൻ എം.എൽ.എ നിർവഹിച്ചു. ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ വ്യാപകമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെതിരെ ഏപ്രിൽ 27ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എല്ലാ വാർഡുകളിലും മാലിന്യ സംസ്കരണത്തിനായി ജനകീയക്കൂട്ടായ്മകൾ രൂപീകരിക്കാനും പ്രഥാന സ്ഥലങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചു. 50 മൈക്രോണിൽ താഴെ കനമുള്ള പ്ലാസ്റ്റിക് കവറുകൾ വിൽക്കുന്ന കടകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. എല്ലാ വീടുകളിൽ നിന്നും ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ വൃത്തിയാക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കും. മാലിന്യനിക്ഷേപം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. പ്രസിഡന്റ് ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. രാധാകൃഷ്ണൻ വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം എൻ. കൃഷ്ണകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആർ.ഡി. പത്മകുമാർ, മാളു സതീഷ്, എസ്. ഗീതാകുമാരി, രാധാമണിഅമ്മ, റസിയാ സാദിഖ്, സി.പി.എം ഏരിയാ സെക്രട്ടറി പി.ബി. സത്യദേവൻ, നൗഷാദ്, മധു കുന്നത്ത്, അലിയാര് കുഞ്ഞ്, പ്രേംലാൽ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ലത്തീഫാബീവി സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ബി. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.