പുനലൂർ: തൂക്കുപാലത്തിന് മുന്നിൽ നിന്നാരംഭിക്കുന്ന പുനലൂർ - ശിവൻകോവിൽ റോഡിന് സമീപത്തെ എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ ഓഫീസിന് മുന്നിലെ ഓടയുടെ നിർമ്മാണം വൈകുന്നു. ശിവൻകോവിൽ റോഡ് പണികൾക്കൊപ്പം ഓഫീസിന് മുന്നിലൂടെ കടന്ന് പോകുന്ന പഴയ ഓട പുതുക്കിപ്പണിഞ്ഞ് നൽകുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനിയർ ജലജ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ, സെക്രട്ടറി ആർ. ഹരിദാസ്, യോഗം കൗൺസിലർ വനജ വിദ്യാധരൻ അടക്കമുളളവർക്ക് സ്ഥലം സന്ദർശിച്ച ശേഷം ഉറപ്പ് നൽകിയിരുന്നു. എന്നാൽ റോഡിന്റെ ടാറിംഗ് അടക്കമുളള ജോലികൾ ഏറക്കുറേ പൂർത്തിയായിട്ടും ഒാടയുടെ നിർമ്മാണം തുടങ്ങിയിട്ടില്ല.
മഴക്കാലത്ത് സമീപത്തെ ഭരണിക്കാവ് റോഡിലെ ഓടയിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം ശിവൻകോവിൽ റോഡിലെ പഴയ ഓടയിലാണെത്തുന്നത്. ഓട നിറഞ്ഞ് ഒഴുകുന്ന മാലിന്യം യൂണിയൻ ഓഫീസിന്റെ മുറ്റത്ത് ഒഴുകിയെത്താറുണ്ട്. രണ്ട് മാസം മുമ്പ് രാത്രിയിൽ പെയ്ത വേനൽ മഴയിൽ ഓട നിറഞ്ഞ് മാലിന്യം അടക്കമുള്ള ചെളി വെള്ളം യൂണിയൻ ഓഫീസിലേക്ക് കയറിയിരുന്നു. ഇതിനെ തുടർന്നാണ് യൂണിയൻ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നേതാക്കൾ പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയത്.
ഇത് കണക്കിലെടുത്ത് അന്ന് തന്നെ സ്ഥലം സന്ദർശിച്ച എൻജിനിയർ ഓട നവീകരിച്ച് സ്ലാബ് ഇട്ട് നൽകുമെന്ന് യൂണിയൻ നേതാക്കൾക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ റോഡ് പണികൾ പൂർത്തിയാക്കിയിട്ടും ഓട നവീകരിക്കാൻ നടപടിയുണ്ടായില്ല. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യൂണിയൻ ഭാരവാഹികളുടെ ആവശ്യം. പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ യൂണിയൻ അതിർത്തിയിലെ സമുദായ അംഗങ്ങൾ പുനലൂരിലെ പൊതുമരാമത്ത് വകുപ്പ് ഓഫീസ് മാർച്ച് അടക്കമുള്ള സമര പരിപാടികൾ ആരംഭിക്കും.