photo
വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് എ.എം.ആരിഫിന്റെ റോഡ്ഷോ.

കരുനാഗപ്പള്ളി : ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ നിന്ന് വിജയിച്ച എ.എം. ആരിഫ് വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്താൻ കരുനാഗപ്പള്ളിയിലെത്തി. ആലപ്പുഴയിൽ നിന്ന് ദേശീയപാത വഴി റോഡ് ഷോയുമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി. പി. ചിത്തരഞ്ജനൊപ്പം എ .എം. ആരിഫ് ഓച്ചിറയിൽ എത്തിയത്. എൽ.ഡി .എഫ് നേതാക്കളും പ്രവർത്തകരും ചേർന്ന് ആരിഫിനെ സ്വീകരിച്ചു. ആർ രാമചന്ദ്രൻ എം.എൽ.എ, സി.പി .എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി, ഏരിയാ സെക്രട്ടറിമാരായ പി.കെ. ബാലചന്ദ്രൻ , പി.ബി. സത്യദേവൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ജെ. ജയകൃഷ്ണപിള്ള, ജനതാദൾ നേതാവ് ഷെയ്ക് പി. ഹാരീസ്, ഡോ. എ. എ . അമീൻ, അഡ്വ. ബി. ഗോപൻ, തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് . ശ്രീലത തുടങ്ങിയവർ സ്വീകരിച്ചു. തുടർന്ന് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ദേശീയപാത വഴി കരുനാഗപ്പള്ളി ടൗണിലെത്തി. പിന്നീട് കോഴിക്കോട്, തുറയിൽ കുന്ന്, ആലുംകടവ് ,വള്ളിക്കാവ്, ആലുംപീടിക, പ്രയാർ വഴി കായംകുളത്തേക്ക് പോയി.