കൊല്ലം: റെയിൽവേ സ്റ്റേഷന് മുന്നിലെ അലക്ക്കുഴി കോളനിവാസികൾക്കായി മുണ്ടയ്ക്കലിൽ നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. കോളനിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ 28 വീടുകളാണ് മുണ്ടയ്ക്കലിൽ നിർമ്മിക്കുന്നത്.
ഒരു കുടുംബത്തിന് ഒരു വീട് എന്നാണ് നഗരസഭ ലക്ഷ്യമിട്ടത്. 10.5 ലക്ഷം രൂപയാണ് ഓരോ വീടിന്റെയും നിർമ്മാണ ചിലവ്. ഇതിൽ നാല് ലക്ഷം രൂപ സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ നിന്നാണ്. ശേഷിക്കുന്ന 6.5 ലക്ഷം രൂപ സർക്കാർ അനുമതിയോടെ നഗരസഭയുടെ തനത് ഫണ്ടിൽ നിന്നെടുത്തു. സംസ്ഥാന കുടുംബശ്രീ മിഷനാണ് വീടുകളുടെ നിർമ്മാണ ചുമതലയുടെ കരാർ നഗരസഭ നൽകിയത്. കുടുംബശ്രീ മിഷന്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘമാണ് വീടുകൾ നിർമ്മിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ എല്ലാ വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കി താമസയോഗ്യമാക്കും.
അലക്ക് ജോലികൾ ചെയ്ത് ഉപജീവനം കണ്ടെത്തുന്ന അലക്ക്കുഴി കോളനി വാസികളുടെ ജീവിതം വർഷങ്ങളായി ദുരിതത്തിലായിരുന്നു. നല്ലൊരു മഴ പെയ്താൽ മുങ്ങി പോകുന്നതാണ് ഇവരുടെ വീടുകളും തൊഴിലും. പല മഴക്കാലത്തും ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പുനരധിവസിപ്പിക്കേണ്ടിയും വന്നിട്ടുണ്ട്.
അലക്ക് കുഴി കോളനി പാർക്കിംഗ് കേന്ദ്രമാകും
നഗരഹൃദയത്തിലെ അലക്ക്കുഴി കോളനി മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രമായി മാറും. കോളനിവാസികളെ പുനരധിവസിപ്പിച്ച ശേഷം പദ്ധതി നടത്തിപ്പിലേക്ക് നഗരസഭ കടക്കും. ആവശ്യമായ മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയാക്കി കഴിഞ്ഞു. 84 സെന്റ് വിസ്തൃതി വരുന്ന പ്രദേശത്ത് റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെയും നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യാനാകും. ഇതോടെ നഗരത്തിലെ റോഡുകളിൽ പാർക്കിംഗ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാകുമെന്നാണ് പ്രതീക്ഷ.
കോളനിവാസികൾക്ക് ആധുനിക അലക്ക് കേന്ദ്രം
അലക്ക്കുഴി കോളനിയിൽ നിന്ന് മുണ്ടയ്ക്കലിലേക്ക് കുടുംബങ്ങളെ പുനരധിവസിപ്പിക്കുമ്പോൾ അവരുടെ തൊഴിൽ സംരക്ഷിക്കാനും നഗരസഭ പദ്ധതി തയ്യാറാക്കി. ആധുനിക സംവിധാനങ്ങളോട് കൂടിയ അലക്ക് കേന്ദ്രം നഗരസഭയുടെ ചെലവിൽ നിർമ്മിച്ച് നൽകും. ഇതോടെ മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനൊപ്പം തൊഴിലിലും മുന്നേറ്റമുണ്ടാക്കാനാകും.
മൂന്ന് മാസത്തിനുള്ളിൽ മുണ്ടയ്ക്കലിലെ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കും. കോളനിവാസികളെ പുനരധിവസിപ്പിച്ച ശേഷം മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിലേക്ക് കടക്കും.
എം.എ.സത്താർ
ചെയർമാൻ, വികസനകാര്യ സ്ഥിരം സമിതി
കൊല്ലം നഗരസഭ