കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയിൽ കൃഷി വകുപ്പിന്റെ സഹകരണത്തോടെ കരനെൽക്കൃഷി ഇറക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നഗരസഭ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച പച്ചപ്പാടം കരനെൽക്കൃഷി പാടശേഖരത്തിന്റെ നേതൃത്വത്തിലാണ് കർഷകർ കൃഷി ഇറക്കാനായി മുന്നോട്ട് വന്നത്. ഇക്കുറി നഗരസഭയിൽ 25 ഹെക്ടർ സ്ഥലത്ത് കൃഷിയിറക്കാനാണ് കൃഷി വകുപ്പിന്റെ പദ്ധതി. ഇതിൽ 23 ഹെക്ടർ സ്ഥലത്ത് കര നെൽക്കൃഷിയും 2 ഹെക്ടർ സ്ഥലത്ത് വയലിലെ നെൽക്കൃഷിയും നടത്താനാണ് ഉദ്ദേശിക്കുന്നത്. കൃഷിക്ക് ആവശ്യമായ വിത്തും വളവും കൃഷി ഭവൻ സൗജന്യമായി നൽകും. അത്യുല്പാദന ശേഷിയുള്ള ഉമ വിത്താണ് കൃഷി വകുപ്പ് നൽകുന്നത്. ഒരു ഹെക്ടർ സ്ഥലത്ത് കൃഷിയിറക്കുന്നതിന് 13500 രൂപ കർഷകർക്ക് കൃഷി വകുപ്പ് സബ്സിഡിയായി നൽകും. വിളവെടുപ്പിന് ശേഷം പണം കർഷകരുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കും. കൂടാതെ കൃഷിവകുപ്പ് മുൻകൈ എടുത്ത് വിള ഇൻഷ്വർ ചെയ്യും. ഒരു സെന്റ് കൃഷിഭൂമി ഇൻഷ്വർ ചെയ്യുന്നതിന് ഒരു രൂപ വെച്ചാണ് കർഷകരിൽ നിന്ന് ഈടാക്കുന്നത്. കൃഷിയുടെ ഓരോ ഘട്ടത്തിലും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി കർഷകർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകും. നെല്ലും വൈക്കോലും കർഷകർക്ക് ലഭിക്കും. കൃഷിയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി കൃഷി വകുപ്പ് നടപ്പാക്കുന്നത്. കൃഷിക്ക് ആവശ്യമുള്ള വിത്തിന്റെ വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ എം. ശോഭനം നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസുമതി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള, പാടശേഖര സമിതി സെക്രട്ടറി ലതികാ സച്ചിതാനന്ദൻ, പ്രസിഡന്റ് ശശികുമാർ, കൃഷി അസിസ്റ്റന്റുമാരായ അജി, മേഘ എന്നിവർ സംസാരിച്ചു. കൃഷിയിറക്കാൻ ആഗ്രഹിക്കുന്ന കർഷകർ രേഖാമൂലം കരുനാഗപ്പള്ളി കൃഷി ഭവനിൽ അപേക്ഷ സർമർപ്പിക്കണം.