karunagapalli

കൊല്ലം: എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറിയെ അർദ്ധരാത്രി വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യുകയും കരുനാഗപ്പള്ളി യൂണിയൻ ഭാരവാഹികളെ ഭീഷണിപ്പെടുത്തുകയും ചെയ്ത കരുനാഗപ്പള്ളി പൊലീസിനെതിരെ ജനരോഷം ശക്തമാകുന്നു. വീട്ടുകരം അടച്ചില്ലെന്ന് പറഞ്ഞ് കുലശേഖരപുരം പഞ്ചായത്ത് നൽകിയ കേസിൽ കരം അടച്ചിട്ടും അക്കാര്യം കോടതിയെ അറിയിക്കാതെ വാറണ്ട് ആയതോടെയാണ് ആദിനാട് തെക്ക് വി.എൻ.എസ്.എസ് ശാഖാ സെക്രട്ടറി സുനിൽകുമാറിനെ കൊടുംക്രിമിനലിനെ പിടികൂടുന്നതിന് സമാനമായ അന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. സുനിൽകുമാറിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റ സുനിൽകുമാറിനെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റി. കാര്യം തിരക്കിയ ഹൃദ്രോഗിയായ ഭാര്യക്കും കുട്ടികൾക്കും നേരെ അസഭ്യവർഷവും നടത്തി.

വിവരമറിഞ്ഞ് കരുനാഗപ്പള്ളി സ്റ്റേഷനിലെത്തിയ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലനും സെക്രട്ടറി എ. സോമരാജനും നേരെ അറസ്റ്റിന് നേതൃത്വം നൽകിയ പൊലീസുകാരൻ ഭീഷണി മുഴക്കി. വിവസ്ത്രരാക്കി ലോക്കപ്പിൽ അടയ്ക്കുമെന്നായിരുന്നു ഭീഷണി. നിയമവിരുദ്ധമായും മോശമായും പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി, സിറ്റി പൊലീസ് കമ്മിഷണർ, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് കരുനാഗപ്പള്ളി യൂണിയൻ പരാതി നൽകും.

 കേസിന് പിന്നിൽ ഗൂഢാലോചന

കുടുംബ സ്വത്തിൽ കൈവശാവകാശമോ, ഉടമസ്ഥാവകാശമോ ലഭിച്ചിട്ടില്ലാത്ത സുനിൽകുമാറിന്റെ പേരിലാണ് കുലശേഖരപുരം പഞ്ചായത്ത് കെട്ടിട നികുതി അടച്ചില്ലെന്ന് പറഞ്ഞ് കേസ് നൽകിയത്. അച്ഛന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ നികുതി അടയ്ക്കാത്തതിന് 2017ൽ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി മക്കളിലൊരാളായ സുനിൽകുമാറിനെ പ്രതിയാക്കി കേസ് ഫയൽ ചെയ്യുകയായിരുന്നു. ആറ് മാസം മുൻപ് കോടതിയിൽ നിന്നും സമൻസ് ലഭിച്ചപ്പോൾ കെട്ടിട നികുതി അടച്ച് രേഖകൾ പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കി. ഇത് കോടതിയിൽ സമർപ്പിച്ച് കേസ് പിൻവലിക്കാമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞെങ്കിലും അങ്ങനെ ചെയ്തില്ല. അതോടെ കേസിൽ വാറണ്ടായി. സ്വന്തം പേരിലല്ലാത്ത വസ്തുവിന്റെ പേരിൽ സുനിൽകുമാറിനെ കേസിൽ കുടുക്കിയതിന് പിന്നിൽ ഗൂഢാലോചന ഉള്ളതായി സംശയിക്കുന്നു. സുനിൽകുമാറിനെതിരെ കേസ് നൽകിയ പഞ്ചായത്ത് സെക്രട്ടറി മറ്റൊരു ശാഖാ ഭാരവാഹിയെയും നേരത്തേ കള്ളക്കേസിൽ കുടുക്കിയിരുന്നു.

 നാളെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ

സുനിൽകുമാറിനെ കള്ളക്കേസിൽ കുടുക്കിയതിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ നാളെ കുലശേഖരപുരം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തും. മാർച്ചിൽ എല്ലാ ശാഖാ അംഗങ്ങളും പോഷക സംഘടനാ ഭാരവാഹികളും പങ്കെടുക്കണമെന്ന് യൂണിയൻ പ്രസിഡന്റ് കെ. സുശീലനും സെക്രട്ടറി എ. സോമരാജനും അറിയിച്ചു.