park-asramam
ആശ്രാമത്ത് നഗരസഭ നിർമ്മിക്കുന്ന പാർക്ക്

കൊല്ലം: നഗരഹൃദയത്തിൽ കുടുംബങ്ങൾക്കും സൗഹൃദക്കൂട്ടങ്ങൾക്കും ഒത്തുചേരാൻ മൂന്ന് പാർക്കുകൾ കൂടി ഒരുങ്ങുന്നു. ആശ്രാമത്തെ ക്രൈം ബ്രാഞ്ച് ഓഫീസിനും ട്രാഫിക് പൊലീസ് സ്റ്റേഷനും ഇടയിൽ കാടുമൂടി കിടന്ന ഭാഗത്ത് വിപുലമായ സൗകര്യങ്ങളോടെ ഒരുക്കുന്ന ആദ്യത്തെ പാർക്കിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. നഗരസഭ ഓഫീസ് വളപ്പിൽ നിർമ്മിക്കുന്ന രണ്ടാമത്തെ പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളും പകുതിയിലേറെ പിന്നിട്ടു. സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിന് എതിർവശത്തെ നെഹ്റു പാർക്ക് നവീകരിച്ച് മനോഹരമാക്കുന്നതാണ് മൂന്നാമത്തേത്.

അമൃത് പദ്ധതിയിലൂടെ ലക്ഷങ്ങൾ ചെലവഴിച്ചാണ് നഗരസഭ മൂന്ന് പാർക്കുകളും നിർമ്മിക്കുന്നത്. നഗരസഭാ വളപ്പിൽ നിർമ്മിക്കുന്ന പാർക്കിൽ വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്നവർക്കൊപ്പം പുറത്ത് നിന്നുള്ളവർക്കും പ്രവേശിക്കാം. കൂറ്റൻ മരങ്ങളുടെ തണലാണ് ഇതിന്റെ മുഖ്യ ആകർഷണം. മരങ്ങൾക്ക് ചുറ്റും തറ കെട്ടി ഗ്രാനൈറ്റ് പാളികൾ പാകി ഇരിക്കാനുള്ള സൗകര്യവും സജ്ജമാക്കി. ദിവസേന നൂറുകണക്കിന് ആളുകൾ നഗരസഭയിൽ എത്തുന്നതിനാൽ പാർക്കിന് അനുബന്ധമായി ആധുനിക രീതിയിൽ ശുചിമുറികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആശ്രാമത്ത് അഡ്വഞ്ചർ പാർക്ക്, കുട്ടികൾക്കുള്ള പാർക്ക് എന്നിവയുണ്ടെങ്കിലും രണ്ടും നഗരസഭയുടെ നിയന്ത്രണത്തിലല്ല.

സായാഹ്നം ചെലവഴിക്കാൻ കൂടുതൽ ആളുകൾ ആശ്രാമത്തും പരിസരത്തും എത്തുന്നുണ്ടെന്ന് മനസിലാക്കിയാണ് നഗരസഭയുടെ നിയന്ത്രണത്തിൽ ഇവിടെ പുതിയൊരു പാർക്ക് നിർമ്മിക്കാൻ തീരുമാനിച്ചത്. വൈകാതെ തന്നെ മൂന്ന് പാർക്കുകളും പൊതുജനങ്ങൾക്കായി തുറന്ന് നൽകും.

 സൗന്ദര്യവത്കരണത്തിനൊപ്പം സുരക്ഷയും ‌

പാർക്കുകളിൽ മനോഹരമായ ഇരിപ്പിടങ്ങൾ, കുട്ടികൾക്കായുള്ള കളിക്കോപ്പുകൾ, പൂന്തോട്ടം എന്നിവയുണ്ടാകും. ചെടികളും പുൽത്തകിടികളും പരിപാലിക്കുന്നതിനായി ജലചേന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പാർക്കിലെത്തുന്നവരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി സി.സി.ടി.വി കാമറകളും സ്ഥാപിക്കും. പാർക്കിന്റെ സൗന്ദര്യം നിലനിർത്തുന്നതിനും സംരക്ഷണത്തിനും നഗരസഭയുടെ കൃത്യമായ മേൽനോട്ടമുണ്ടാകും.

മൂന്ന് പാർക്കുകളുടെയും നിർമ്മാണം അവസാന ഘട്ടത്തിലാണ്. മഴയ്‌ക്ക് ശേഷം പാർക്കുകൾ പൊതുജനങ്ങൾക്കായി തുറന്ന് നൽകാനാണ് ശ്രമിക്കുന്നത്.

എം.എ.സത്താർ, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ, കൊല്ലം നഗരസഭ