canal-1
ചാത്തന്നൂർ ജെ.എസ്.എം ഹോസ്പിറ്റലിന് സമീപത്തുള്ള കനാൽ പരിസരത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നു

ചാ​ത്ത​ന്നൂർ: ചാ​ത്ത​ന്നൂർ പ​ഞ്ചാ​യ​ത്തി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന ദേ​ശീ​യപാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങളിലും മാലിന്യം കുന്നുകൂടുന്നു. ജെ.എസ്.എം ഹോസ്പിറ്റലിന് സമീപത്തുള്ള കനാൽ, എൽ.ഐ.സി ഓഫീസിന് സമീപം, കെ.പി.എച്ച് സെന്ററിന് എതിർവശത്തെ പറമ്പ്, ഇടറോഡുകൾ എന്നിവിടങ്ങളിലാണ് മാലിന്യ നിക്ഷേപം രൂക്ഷമാകുന്നത്. അതേസമയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണം നടത്തിയപ്പോൾ ഈ പ്രദേശങ്ങളിൽ കുന്നുകൂടിയ മാലിന്യം നീക്കം ചെയ്യാത്തത് നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

പ്രധാനമായും ഇവിടങ്ങളിൽ പ്രഭാത സവാരിക്കാരാണ് കവറുകളിലാക്കി മാ​ലി​ന്യം ത​ള്ളു​ന്ന​തെന്ന് സമീപവാസികൾ പറയുന്നു. മ​ഴ​ക്കാ​ലം ആ​കുമ്പോ​ഴേ​ക്കും ഈ ക​വറുക​ളിൽ വെ​ള്ളം ക​യ​റി പു​ഴു​വ​രി​ച്ച് പ്രദേശത്താകെ ദുർ​ഗ​ന്ധം വ​മി​ക്കും. ജെ.എസ്.എം ഹോസ്പിറ്റലിന് സമീപത്തുള്ള കനാലിന്റെ ഇരുവശത്തും വീടുകളിൽ നിന്നുള്ള മാലിന്യം, കോഴിവേസ്റ്റ്, ഇലക്ടോണിക്സ് വേസ്റ്റ് എന്നിവ നിർബാധം തള്ളുകയാണ്. മാലിന്യം കുന്നുകൂടിയതോടെ പ്രദേശത്ത് തെരുവ് നായ ശല്യവും കൂടിയിട്ടുണ്ട്. ദിവസേന റോഡിൽ തെരുവ് നായ്‌ക്കൾ വാഹനമിടിച്ച് ചത്ത് അഴുകുന്നതും മറ്റൊരു പ്രശ്നമാണ്. ഇത് നീക്കം ചെയ്യാൻ അധികൃതരോ സമീപവാസികളോ തയ്യാറാകുന്നുമില്ല. ഇക്കാരണത്താൽ ഇതുവഴിയുള്ള യാത്രയും ബുദ്ധിമുട്ടിലായിരിക്കുകയാണ്.

അടിയന്തരമായി ഇവിടങ്ങളിലെ മാലിന്യം നീക്കം ചെയ്യണമെന്നും കാമറകൾ സ്ഥാപിച്ച് മാലിന്യ നിക്ഷേപത്തിന് അറുതി വരുത്താൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.