കുന്നത്തൂർ:കുന്നത്തൂർ കൊല്ലാറയിലെ മാർത്തോമ്മാ സഭയുടെ അധീനതയിലുള്ള സെമിത്തേരിയിൽ കാളിശ്ശേരി മേലേതിൽ വീട്ടിൽ പത്രോസിന്റെ ഭാര്യ അന്നമ്മയുടെ (75) മൃതദേഹം സംസ്കരിക്കാൻ കളക്ടറുടെ ഉത്തരവ്.കോൺക്രീറ്റ് അറ തയ്യാറാക്കി അതിനകത്ത് മൃതദേഹം മറവ് ചെയ്യാനാണ് കളക്ടറുടെ നിർദേശം.
ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ദിവസങ്ങളായുള്ള തർക്കത്തിന് പരിഹാരമാകുന്നത്. തർക്കമുള്ള സെമിത്തേരി ഒഴിവാക്കി സാധ്യമായ മറ്റ് എവിടെയെങ്കിലും മൃതദേഹം മറവ് ചെയ്യാൻ ദിവസങ്ങൾക്ക് മുമ്പ് സർവ്വകക്ഷി യോഗം തീരുമാനമെടുത്തിരുന്നു.എന്നാൽ ഇത് അംഗീകരിക്കാൻ തയ്യാറാകാതെ ബന്ധുക്കൾ കൊല്ലാറയിൽ തന്നെ മൃതദേഹം അടക്കം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.തുടർന്ന് കോടതിയുടെ നിർദേശപ്രകാരം ഡി.എം.ഒ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കഴിഞ്ഞ 14ന് നിര്യാതയായ കുന്നത്തൂർ തുരുത്തിക്കര കാളിശ്ശേരി മേലേതിൽ വീട്ടിൽ പത്രോസിന്റെ ഭാര്യ അന്നമ്മയുടെ (75) മൃതദേഹമാണ് സംസ്കരിക്കാൻ കഴിയാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.കുന്നത്തൂർ കൊല്ലാറയിലെ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്ന ബി.ജെ.പി പ്രവർത്തകരടക്കമുള്ള ഒരു വിഭാഗം ആളുകളുടെ എതിർപ്പിനെ തുടർന്നാണ് സംസ്ക്കാരം വൈകിയത്.തർക്കം പരിഹരിക്കുന്നതിന് ഒരാഴ്ച മുമ്പ് കുന്നത്തൂർ പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന സർവകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.കടുത്ത പാരിസ്ഥിതിക,ആരോഗ്യ പ്രശനങ്ങൾ സൃഷ്ടിക്കുന്നു എന്ന കാരണത്താലാണ് ഇവിടെ സംസ്ക്കാരം നടത്തുന്നതിന് എതിർപ്പ് ഉയർന്നത്.2012 മുതൽ തർക്കം ഉണ്ടായതിനെ തുടർന്ന് ജില്ലാ കളക്ടർ ഇടപ്പെട്ട് സെമിത്തേരിയിൽ വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കി സംസ്ക്കാരം നടത്താൻ ഉത്തരവ് കൊടുത്തിരുന്നു.എന്നാൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് കഴിഞ്ഞതുമില്ല.
അതിനിടെ ഇന്നലെ അന്നമ്മയുടെ വസതിയിലെത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പി ബന്ധുക്കളുമായി ചർച്ച നടത്തി. കൊല്ലാറയിൽ തന്നെ സംസ്ക്കാരം നടത്തുന്നതിന് എല്ലാ സഹായവും നൽകാമെന്ന് അദ്ദേഹം ബന്ധുക്കൾക്ക് ഉറപ്പ് കൊടുത്തിരുന്നു.