കൊല്ലം: ഒരേസമയം അഞ്ച് പേരെ സംസ്കരിക്കാവുന്ന സൗകര്യത്തോടെ അകവും പുറവും മിനുക്കി ആക്കോലിൽ ശ്മശാനത്തിന്റെ നവീകരണം പൂർത്തിയായി. നഗരത്തിലെ മറ്റ് ശ്മശാനങ്ങളിൽ നിന്ന് വേറിട്ട തരത്തിൽ പരമ്പരാഗത രീതിയിൽ മൃതദേഹം സംസ്കരിക്കാൻ കരിങ്കല്ല് കൊണ്ടുള്ള മൂന്ന് ചിതകളും തൊട്ടടുത്ത ഹാളിനുള്ളിൽ പരമ്പരാഗത ശൈലിയിൽ തന്നെ സംസ്കരിക്കാനുള്ള രണ്ട് ചിതകളും പുതുതായി ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം ശാന്തികവാടം ശ്മശാനത്തിന്റെ മാതൃകയിൽ സംസ്കാര കർമ്മങ്ങൾ നടത്താനും അനുശോചന യോഗങ്ങൾ ചേരാനും വിശാലമായ ഹാളുമുണ്ട്. ഇതിന് പുറമേ മൃതദേഹവുമായി എത്തുന്നവർക്ക് വിശ്രമിക്കാൻ ശുചിമുറിയടക്കമുള്ള ഒരു വിശ്രമകേന്ദ്രവും വെളിച്ചമുറപ്പാക്കാൻ ഹൈമാസ്റ്റ് ലൈറ്റും ശുദ്ധജലത്തിന് വാട്ടർ അതോറിറ്റിയുടെ കണക്ഷനും ഒരുക്കിയിട്ടുണ്ട്.
2014 ജൂണിൽ തുടങ്ങിയ ആക്കോലിൽ ശ്മശാനത്തിന്റെ നിർമ്മാണം 2015 ആഗസ്റ്റിൽ പൂർത്തിയായെങ്കിലും പ്രവർത്തനം ആരംഭിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. കാരിക്കുഴി ഏലായ്ക്ക് നടുവിലായതിനാൽ മഴ പെയ്യുമ്പോൾ ശ്മശാനം നിറയെ വെള്ളം നിറയുമായിരുന്നു. വൈദ്യുതീകരണവും പൂർത്തിയായിരുന്നില്ല. ശുദ്ധജലവും ലഭ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ ശ്മശാനത്തിന്റെ നടത്തിപ്പ് പലതവണ ലേലത്തിന് വച്ചെങ്കിലും ആരും ഏറ്റെടുക്കാൻ തയ്യാറായില്ല. ഇതോടെയാണ് 15 ലക്ഷം രൂപ ചെലവിട്ട് പോരായ്മകൾ പരിഹരിച്ചത്. ജൂൺ ആദ്യവാരത്തിൽ ശ്മശാനം പ്രവർത്തനം തുടങ്ങും. സ്ഥലം കൗൺസിലറായ വി.എസ്. പ്രിയദർശന്റെ നേതൃത്വത്തിൽ പച്ചക്കറികളും വാഴയും കപ്പയുമൊക്കെ ശ്മശാനം വളപ്പിൽ കൃഷി ചെയ്തിട്ടുണ്ട്.
'' ഉറ്റബന്ധുവിന്റെ മൃതദേഹവുമായി എത്തുന്നവർക്ക് കൂടുതൽ വിഷമം ഉണ്ടാക്കുന്ന അനുഭവങ്ങളും കാഴ്ചകളും ഇവിടെയുണ്ടാകില്ല. മനസിന് അല്പമെങ്കിലും ആശ്വാസമുണ്ടാവുകയേയുള്ളു. ശ്മശാനം എന്നതിനപ്പുറം ഒഴിവ് സമയം ചെലവഴിക്കാനുള്ള പാർക്കിന്റെ അന്തരീക്ഷമാണ് ഇവിടെയുള്ളത്.''
വി.എസ്. പ്രിയദർശൻ (നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷൻ)