കരുനാഗപ്പള്ളി: വേനൽമഴ കനിയാതെ വന്നതോടെ കരുനാഗപ്പള്ളി താലൂക്കിന്റെ വിവിധഭാഗങ്ങൾ ഇപ്പോഴും വറുതിയുടെ നടുവിൽ. കടുത്ത വേനലിൽ തോടുകളും കിണറുകളുമൊന്നാകെ വറ്റിവരണ്ട അവസ്ഥയാണ്. കായൽതീരങ്ങളിൽ താമസിക്കുന്നവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. അരനൂറ്റാണ്ടിനുള്ളിൽ ആദ്യമായാണ് തഴത്തോടുകൾ ഇത്രയധികം വറ്റിവരളുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ പരിധിയിലൂടെ ഒഴുകുന്ന മൂന്ന് തഴത്തോടുകളും നീർച്ചാൽപോലും ഇല്ലാതെ വറ്റി. ഇതാണ് ജലക്ഷാമം ഏറെ രൂക്ഷമാക്കിയത്. കിണറുകളെ ആശ്രയിക്കുന്നവരുടേയും അവസ്ഥ മറിച്ചല്ല. ആഴമുള്ള കിണറുകൾ പോലും വറ്റിക്കഴിഞ്ഞു. വല്ലപ്പോഴും പൈപ്പുകളിൽ നിന്ന് ലഭിക്കുന്ന വെള്ളം മാത്രമാണ് നാട്ടുകാർക്ക് ആശ്രയം. ഇതും ദിവസത്തിൽ രണ്ടുനേരം മാത്രമാണ് ലഭിക്കുന്നത്. ഈ ജലം തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തികയാറില്ലെന്നും നാട്ടുകാർ പറയുന്നു.
വേനൽ കഠിനമായതോടെ ഇടവിളകൃഷിക്കും വ്യാപകമായ നാശം സംഭവിച്ചു.വാഴകൾക്കാണ് ഏറെ വാട്ടമുണ്ടായത്. വേനലിനെ അതിജീവിക്കാൻ കഴിയാതെ വിളവെടുപ്പിന് പാകമായ വാഴകൾ പോലും ഒടിഞ്ഞുവീഴുകയാണ്. പച്ചക്കറി കൃഷിക്കും നാശം സംഭവിച്ചിട്ടുണ്ട്. വിള ഇൻഷ്വർ ചെയ്യാത്ത കർഷകർക്കാണ് ഏറെ സാമ്പത്തിക നഷ്ടമുണ്ടായിരിക്കുന്നത്.
മഴ ലഭിക്കാതായതോടെ കരനെൽക്കൃഷിയും ആരംഭിക്കാൻ സാധിച്ചിട്ടില്ല. ഓണം മുന്നിൽക്കണ്ടാണ് കൃഷി വകുപ്പ് കരനെൽക്കൃഷിക്ക് പദ്ധതി തയ്യാറാക്കിയത്. മേട മാസം ആദ്യം വിത്ത് വിതച്ചെങ്കിൽ മാത്രമേ ഓണത്തിന് മുമ്പ് വിളവെടുക്കാൻ സാധിക്കൂ. ഇനി മഴ പെയ്താലും ഓണത്തിന് മുമ്പ് വിളവെടുക്കാൻ കഴിയുകയില്ല. എന്നാലും കൃഷിക്ക് ആവശ്യമുള്ള വിത്തും വളവും കൃഷി വകുപ്പിൽ നിന്ന് സൗജന്യമായി നൽകി കഴിഞ്ഞു. പാടശേഖര സമിതികളാകട്ടെ മഴ പ്രതീക്ഷിച്ച് കൃഷിയിറക്കാനായി കാത്തിരിക്കുകയാണ്.