1
കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഉണ്ടായ ജല പ്രവാഹത്തിൽ തകർന്ന കോൺക്രീറ്റ് മുറ്റം

എഴുകോൺ: പാങ്ങോട്-ശിവഗിരി റോഡിൽ എഴുകോൺ മൂലക്കട ജംഗ്ഷനിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴായി. വെള്ളത്തിന്റെ കുത്തൊഴുക്കിൽ ദേശീയപാതയോരത്തെ കെട്ടിടത്തിന്റെ മുന്നിലെ കോൺക്രീറ്റ് ഇളകി പോയി. കാലപ്പഴക്കമുള്ള പൈപ്പുകളിലൂടെ വെള്ളം പമ്പ് ചെയ്യുന്നതാണ് അടിക്കടി പൈപ്പ് പൊട്ടുന്നതിന് കാരണമാകുന്നത്. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ജലം പാഴാകുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.

ഇതിനിടെ കൊല്ലം-തിരുമംഗലം ദേശീയപാതയോരത്ത് പുതിയ കുടിവെള്ള വിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ വാട്ടർ അതോറിറ്റി ആരംഭിച്ചു. ദേശീയപാത റീ ടാർ ചെയ്യുന്ന ജോലികൾ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് വെട്ടിപ്പൊളിക്കലുമായി വാട്ടർ അതോറിറ്റി എത്തിയത്. ദേശീയപാതാ നവീകരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിവിധ വകുപ്പുകൾക്ക് ദേശീയപാത അതോറിറ്റി രേഖാമൂലം അറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിക്കപ്പെട്ടു. ഇതോടെ റീടാർ ചെയ്യുന്ന ഭാഗങ്ങളെല്ലാം വീണ്ടും നശിക്കാനുള്ള സാദ്ധ്യത ഏറുകയാണ്.

ദേശീയപാതാ നിലവാരത്തിലേക്കുയർത്തിയ പാങ്ങോട്-ശിവഗിരി റോഡ് എഴുകോൺ പഞ്ചായത്ത് കെട്ടിടത്തിന് സമീപം പൈപ്പ് പൊട്ടിയത്തിനെ തുടർന്ന് തകർന്നിട്ട് വർഷങ്ങളേറെയായി. ഇതിന്റെ അറ്റകുറ്റപ്പണിയും ഇനിയും നടന്നിട്ടില്ല. ഇതിനിടെയാണ് പുതിയ വെട്ടിപ്പൊളിക്കലുമായി വാട്ടർ അതോറിറ്റി എത്തിയത്. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മായാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നിരുത്തരവാദപരമായി പ്രവർത്തിക്കുന്ന വകുപ്പുകളിൽ നിന്നുതന്നെ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ തുക ഈടാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.