പുനലൂർ: വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതിന് പാലരുവി വിനോദസഞ്ചാരകേന്ദ്രം മുഖംമിനുക്കുന്നു. വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. കഴിഞ്ഞ കാലവർഷത്തിന്റെ കലിതുള്ളലിൽ കനത്ത നാശമാണ് പാലരുവിയിൽ ഉണ്ടായത്. ഇതിന്റെ പുനർനിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. ദേശീയപാതയിൽ നിന്ന് ആരംഭിക്കുന്ന പാലരുവി റോഡിൽ കൂറ്റൻ കരിങ്കല്ലിൽ കൊത്തിയെടുത്ത തൂണുകൾ ഉപയോഗിച്ചുളള പ്രധാന കവാടത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. കൂടാതെ പാതയോരങ്ങളിൽ കരിങ്കൽ തൂണുകളും പാകി വരികയാണ്. സഞ്ചാരികളുടെ സുരക്ഷയ്ക്കും പ്രാധാന്യം നിൽകുന്ന നിർമ്മാണമാണ് പുരോഗമിക്കുന്നത്.
കനത്തമഴയെ തുടർന്ന് ജലപാതത്തിലുള്ള കുളിക്കടവിൽ വലിയ ഗർത്തങ്ങളാണ് രൂപപ്പെട്ടത്. ഇതോടെ സഞ്ചാരികൾക്ക് കടുത്ത നിയന്ത്രണങ്ങളും വനംവകുപ്പ് ഏർപ്പെടുത്തി. ഇപ്പോൾ കരിങ്കല്ലുകൾ അടുക്കി കുഴികൾ കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തി. ഇത് കൂടാതെ പ്രത്യേക ടോയ്ലെറ്റ് ബ്ലോക്കുകൾ, ആധുനിക ക്യാന്റീൻ, ഇതിന് സമീപത്തായി കൂറ്റൻ കൽമണ്ഡപം, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, കരിങ്കല്ലിൽ സ്ഥാപിച്ച ഇരിപ്പിടങ്ങൾ അടക്കമുള്ളവയും സജ്ജമാക്കും.
സഞ്ചാരികൾക്ക് ഏറെയിഷ്ടം
വനംവകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പാലരുവിയിൽ സീസൺ ആരംഭിച്ച് കഴിഞ്ഞാൽ ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. പ്രധാന പാതയിൽ എത്തുന്ന വിനോദ സഞ്ചാരികളെ വനംവകുപ്പിന്റെ നിയന്ത്രണത്തിലുളള വാഹനങ്ങളിലാണ് മൂന്ന് കിലോമീറ്റർ ഉൾവനത്തിൽ സ്ഥിതി ചെയ്യുന്ന വെളളച്ചാട്ടത്തിൽ എത്തിക്കുന്നത്. സഞ്ചാരികളെ നിയന്ത്രിക്കുന്നതിനിന് പുരുഷ, വനിതാ ഗൈഡുകളും, വനപാലരുകരും ഉണ്ട്.
കനത്ത വേനൽ കണക്കിലെടുത്ത് താല്കാലികമായി സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പാലരുവി ജലപാതം ജലസമൃദ്ധമായാൽ ഉടൻ വിനോദ സഞ്ചാരികൾക്കായി പാലരുവി തുറന്ന് നൽകുമെന്ന്
സതീശൻ, ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ചോഫീസർ