കൊല്ലം: നഗരസഭയിലെ 55 വാർഡുകളിലും നികുതി ശേഖരണത്തിനായി 'എം പോസ്' യന്ത്രങ്ങൾ ഉപയോഗിക്കുമെന്ന് മേയർ വി. രാജേന്ദ്രബാബു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബിൽ കളക്ടർമാർ എം പോസ് യന്ത്രങ്ങളുമായാണ് ഇനി മുതൽ നികുതി ശേഖരിക്കാൻ വീടുകളിലെത്തുക. നികുതി ശേഖരണത്തിന് ആധുനിക സംവിധാനം വേണമെന്ന ജനങ്ങളുടെ നിരന്തരമുള്ള ആവശ്യത്തിന് ഇതോടെ പരിഹാരമാകും.
എച്ച്.ഡി.എഫ്.സി ബാങ്കുമായി സഹകരിച്ചാണ് യന്ത്രങ്ങൾ നഗരസഭ ഉപയോഗിക്കുന്നതെന്ന് മേയർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്, വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.എ. സത്താർ, സെക്രട്ടറി വി.ആർ. രാജു എന്നിവരും പങ്കെടുത്തു.
എം പോസ് യന്ത്രത്തിന്റെ നേട്ടങ്ങൾ
ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ, പണം എന്നിവ ഉപയോഗിച്ച് എല്ലാത്തരം നികുതികളും അടയ്ക്കാനാകും
നികുതി അടച്ചതിന്റെ രസീതുകൾ എസ്.എം.എസ് ആയും ഇ മെയിലായും നികുതിദായകർക്ക് ലഭിക്കും
യന്ത്രത്തിലെ ജി.പി.എസ് സംവിധാനത്തിലൂടെ ബിൽ കളക്ടർമാർ എവിടെയാണെന്ന് ഓഫീസിൽ അറിയാൻ സംവിധാനം
എം പോസ് യന്ത്രം ഉപയോഗിച്ച് നികുതി അടയ്ക്കുമ്പോൾ തന്നെ നഗരസഭ അക്കൗണ്ട്സ് വിഭാഗത്തിന്റെ രേഖകളിലും വിവരങ്ങളെത്തും
നഗരസഭ ഓഫീസിലെ കാഷ് കൗണ്ടറിലും എം പോസ് യന്ത്രം സ്ഥാപിച്ചിട്ടുണ്ട്