photo
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ കുലശേഖരപുരം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന്റെ മുൻനിര.

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം ആദിനാട് തെക്ക് വി.എൻ.എസ്.എസ് ശാഖാ സെക്രട്ടറി സുനിൽകുമാറിനെ കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് അധികൃതർ കള്ളക്കേസിൽ കുടുക്കി പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ച് ലോക്കപ്പിൽ അടച്ചതിനെതിരെ എസ്.എൻ.ഡി.പി കരുനാഗപ്പള്ളി യൂണിയൻ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിലേക്ക് ഇന്നലെ രാവിലെ മാർച്ച് സംഘടിപ്പിച്ചു. കുഴിവേലി ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിൽ യുവതികൾ ഉൾപ്പെടെ ആയിരത്തോളം ശാഖാ പ്രവർത്തകർ പങ്കെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിൽ ചെന്ന യൂണിയൻ നേതാക്കളോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുക, രേഖകളിൽ കൃത്രിമം കാണിച്ച് നിരപരാധിയായ യുവാവിനെ കള്ളക്കേസിൽ കുടുക്കിയ ഗ്രാമ പഞ്ചായത്ത് അധികൃതരുടെ നടപടിയെ കുറിച്ച് സമഗ്രമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയ പ്രതിഷേധ മാർച്ച് യൂണിയൻ നേതാക്കളുടെ നിർദ്ദേശാനുസണം ഓഫീസിന് മുന്നിൽ നിലയുറപ്പിച്ചു. തുടർന്ന് യോഗ നടപടികൾ ആരംഭിച്ചു. പ്രതിഷേധ യോഗം എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ. സോമരാജൻ, യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, യോഗം ബോർഡ് മെമ്പർ കെ.ജെ. പ്രസേനൻ, വനിതാ സംഘം സെക്രട്ടറി മധുകുമാരി എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ മാർച്ചിന് യോഗം യൂണിയൻ നേതാക്കളായ കെ.പി. രാജൻ, കള്ളേത്ത് ഗോപി, ക്ലാപ്പന ഷിബു, എം. ചന്ദ്രൻ, കളരിക്കൽ സലിംകുമാർ, ബി. കമലൻ, നീലികുളം സിബു, ശരത്ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.