am-arif

കൊല്ലം: ബാഷയിലെ രജനീകാന്തിനെപ്പോലെ ഒറ്റയ്ക്ക് നിൽക്കാനാകില്ലെന്നും കേരളത്തിന്റെ പൊതു ആവശ്യങ്ങൾക്കായി പാർലമെന്റിൽ യു.ഡി.എഫിനൊപ്പം ഒറ്റക്കെട്ടായി നിൽക്കുമെന്നും ആലപ്പുഴയിലെ നിയുക്ത എം.പി എ.എം.ആരിഫ്. കൊല്ലം പ്രസ് ക്ലബ്ബിന്റെ മുഖാമുഖത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

അധികാരം ലഭിച്ചാൽ ശബരിമലയിലെ സുപ്രീം കോടതി വിധി മറികടക്കാൻ നിയമം പാസാക്കുമെന്ന യു.ഡി.എഫ് വാദം ആവേശം പറച്ചിലാണ്. പാർലമെന്റ് നിയമം പാസാക്കിയാൽ പോലും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ മറികടക്കുന്നതാണെങ്കിൽ സുപ്രീംകോടതി റദ്ദ് ചെയ്യും.

സുപ്രീംകോടതി വിധിയെ മറികടക്കാനുള്ള നിയമനിർമ്മാണത്തിന് സംസ്ഥാന നിയമസഭകൾക്ക് അധികാരമില്ല.

പാർലമെന്റിൽ അഭിപ്രായ ഭിന്നതയില്ലാതെ സംസ്ഥാനത്തിനായി യോജിച്ച് നിൽക്കേണ്ടത് അനിവാര്യമാണ്. തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബാധിച്ചോയെന്ന് സൂക്ഷ്മമായി പരിശോധിച്ച് വിലയിരുത്തണം. വിശ്വാസികളെ വെല്ലുവിളിക്കാൻ ശ്രമിച്ചിട്ടില്ല. പക്ഷേ, അവരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു. ശബരിമലയിൽ പോയ ആളാണ് താൻ. വിശ്വാസികൾ കൂട്ടത്തോടെ തനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. എൻ.എൻ.എസ് മേഖലകളിൽ ഭൂരിപക്ഷം ലഭിച്ചു. ന്യൂനപക്ഷങ്ങളുടെ വോട്ട് മാത്രമാണ് യു.ഡി.എഫ് വിജയത്തിന് കാരണമെന്ന നിഗമനം ശരിയല്ല. മോദിയെ ഭയക്കുന്ന മതേതര വിശ്വാസികളും യു.ഡി.എഫിന് വോട്ട് ചെയ്തു. എൽ.ഡി.എഫിന്റെ പരാജയം താൽക്കാലികവും ആപേക്ഷികവുമാണ്. എതിരാളികൾ നടത്തിയ കേന്ദ്രീകൃത പ്രചാരണമാണ് അരൂരിൽ വോട്ട് കുറയാൻ കാരണം. എൻ.ഡി.എയ്ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ ആലപ്പുഴയിൽ വോട്ട് വർദ്ധിച്ചുവെന്നും ആരിഫ് പറഞ്ഞു.

 കരുനാഗപ്പള്ളിക്ക് പ്രത്യേക പരിഗണന

കരുനാഗപ്പള്ളിക്ക് പ്രത്യേക പരിഗണന നൽകുമെന്ന് എ.എം.ആരിഫ്. റെയിൽവേ സ്റ്റേഷൻ വികസനവും റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണവും അനിവാര്യമാണ്. ആലപ്പാട്ടെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വികസിക്കണം. ആലപ്പാട്ട് നിയമവിരുദ്ധമായ കരിമണൽ ഖനനം അംഗീകരിക്കാനാകില്ല. ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും ആരിഫ് പറഞ്ഞു.