1.25 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ
കൊല്ലം: അനുദിനം സഞ്ചാരികളുടെ തിരക്കേറുന്ന കൊല്ലം ബീച്ചിന്റെ സൗന്ദര്യ കാഴ്ചകൾക്ക് ഇനി കടലോളം ആഴവും പരപ്പും. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ബീച്ചിന്റെ വിസ്‌തൃതിയും സൗന്ദര്യവും വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ആധുനിക തരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ പോർട്ട് റോഡിനോട് ചേർന്ന് കിടക്കുന്ന കടൽത്തീരവും ബീച്ചിന്റെ ഭാഗമാക്കി അടിസ്ഥാന സൗകര്യങ്ങളൊരുക്കി വികസിപ്പിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടമായി റോഡിനോട് ചേർന്ന് കൂടുതൽ ഇരിപ്പിടങ്ങൾ ഒരുക്കുന്നുണ്ട്. ഇതിനായി 1.25 കോടി രൂപയാണ് ചെലവഴിക്കുന്നത്.
അവധി ദിവസങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് കുടുംബത്തോടൊപ്പം ബീച്ചിൽ സായാഹ്നം ചെലവഴിക്കാനെത്തുന്നത്. ഇവരെല്ലാം തിരയോട് ചേർന്നുള്ള മണൽപ്പരപ്പിലാണ് ഇരിക്കാറുള്ളത്. റോഡിനോട് ചേർന്ന് ഗ്രാനൈറ്റും ടൈലും പാകിയ മനോഹരമായ ഇരിപ്പിടങ്ങൾ വരുമ്പോൾ മണൽപ്പരപ്പിലെ തിരക്കൊഴിയുമെന്നാണ് പ്രതീക്ഷ.
രാത്രി വൈകിയും ബീച്ചിലെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. കുടുംബങ്ങളുടെ ഒത്തുചേരലും പിറന്നാൾ- വിവാഹ വാർഷിക ചടങ്ങുകളും വരെ രാത്രി കാലങ്ങളിൽ ഈ മണൽപ്പരപ്പിൽ നടക്കാറുണ്ട്. രാത്രിയിലെ ഇത്തരം ഒത്തു കൂടലുകൾക്ക് വെളിച്ചവും സുരക്ഷയുമൊരുക്കാൻ തെരുവ് വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കും. രണ്ട് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യം.
ബീച്ചിൽ വന്മരങ്ങൾ തണലൊരുക്കും
ബീച്ച് പരിസരങ്ങളിൽ മരങ്ങൾ നട്ട് വളർത്തി തണലൊരുക്കുകയെന്ന ആശയം പൂർത്തീകരണത്തിലേക്ക് അടുക്കുകയാണ്. ആൽ, ഞാവൽ പോലെയുള്ള മരങ്ങളാണ് നടുന്നത്. ആൽത്തറ പോലെ പ്രത്യേക തറ കെട്ടി അതിനുള്ളിലാണ് മരങ്ങൾ നടുക. ഇതിന് ചുറ്റുമായി വിശാലമായ ഇരിപ്പിടങ്ങളും ഒരുക്കും. ഉച്ചവെയിൽ കത്തി നിൽക്കുമ്പോൾ ബീച്ചിലെത്തുന്നവർക്ക് മരത്തണലിന്റെ തണുപ്പിലിരുന്ന് കടൽക്കാറ്റേൽക്കാനുള്ള സൗകര്യം ഇവിടെയുണ്ടാകും. മരം നടാനുള്ള തറകളുടെ നിർമ്മാണം പൂർത്തീകരിച്ച് കഴിഞ്ഞു. ഉടൻ തന്നെ മരത്തൈകൾ നടും.
ബീച്ചിന്റെ വിസ്‌തൃതിയും പച്ചപ്പും വർദ്ധിപ്പിക്കാനാണ് ശ്രമം. നിർമ്മാണ പ്രവർത്തനങ്ങളെല്ലാം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും.
സി. സന്തോഷ്‌കുമാർ
സെക്രട്ടറി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ