പുനലൂർ: എസ്.എൻ.ഡി.പി യോഗം 4270-ാം നമ്പർ വെട്ടിക്കോട് ശാഖയിലെ നവീകരിച്ച ഗുരുദേവ ക്ഷേത്രത്തിൽ വെളളിയാഴ്ച്ച പ്രതിഷ്ഠിക്കാനുളള ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹവും വഹിച്ചു കൊണ്ടുളള ഘോഷയാത്രയ്ക്ക് നൂറ് കണക്കിന് ശ്രീനാരായണീയർ ഭക്തിസാന്ദ്രമായ വരവേൽപ്പ് നൽകി. ശാഖാ പ്രസിഡന്റ് ഏരൂർ സുനിൽ, സെക്രട്ടറി കുട്ടൻകുന്നിൽ പ്രദീപ്, ക്ഷേത്രം തന്ത്രി സുജീഷ് ശാന്തി, ഗുരുദേവ പഞ്ചലോഹ വിഗ്രഹം സംഭാവന നൽകിയ സുഷമാ പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ രാവിലെ കോട്ടയം ചിങ്ങവനത്ത് നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട ഘോഷയാത്ര വിവിധ ഗുരുദേവ ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം വൈകിട്ട് 3ന് പുനലൂർ യൂണിയൻ ആസ്ഥാന മന്ദിരത്തിലെത്തി. തുടർന്ന് പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശന്റെ നേതൃത്വത്തിൽ യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ബി. ശാന്തകുമാരി, മുൻ യൂണിയൻ കൗൺസിലറും കേരളകൗമുദി പുനലൂർ ലേഖകനുമായ ഇടമൺ ബാഹുലേയൻ തുടങ്ങിയ നിരവധി പേർ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി. 4 മണിയോടെ യൂണിയൻ ആസ്ഥാനത്ത് നിന്ന് ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും അകമ്പടിയോടെ പുറപ്പെട്ട വിഗ്രഹ ഘോഷയാത്രയ്ക്ക് പുനലൂർ ടൗൺ, മണിയാർ, എരിച്ചിക്കൽ, ആർച്ചൽ, ഏരൂർ, ആലഞ്ചേരി, ഏലാമുറ്റം, നെട്ടയം, നെടിയറ, അഗസ്ത്യക്കോട്, കൊക്കാട്ട് തുടങ്ങിയ നിരവധി ഗുരുദേവ ക്ഷേത്രങ്ങളിൽ സ്വീകരണം നൽകി. തുടർന്ന് സന്ധ്യയോടെ വിഗ്രഹ ഘോഷയാത്ര അഗസ്ത്യക്കോട് മഹാദേവർ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു. താലപ്പെലി, വാദ്യമേളം, മുത്തുക്കുട തുടങ്ങിയവയുടെ അകമ്പടിയോടെ നൂറ് കണക്കിന് ശ്രീനാരായണീയരുടെ നേതൃത്വത്തിൽ ഘോഷയാത്ര ഗുരുദേവ ക്ഷേത്രത്തിൽ സമാപിച്ചു. അഗസ്ത്യക്കോട് കൈതക്കകത്ത് വീട്ടിൽ രാജേന്ദ്ര പ്രസാദിന്റെ സ്മരണയ്ക്കായി ഭാര്യ സുഷമ പ്രസാദ് രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഗുരുദേവ പഞ്ചലോഹ വിഗ്രഹം നേർച്ചയായി സമർപ്പിച്ചത്.