fire
സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ച ക്ലാസ് മുറി

കുളത്തൂപ്പുഴ: കൂവക്കാട് ആർ.പി.എൽ തമിഴ് മീഡിയം സ്കൂളിലെ ക്ളാസ് മുറിയിൽ സാമൂഹ്യവിരുദ്ധർ തീയിട്ടു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. സ്കൂൾ അവധി ആയതിനാൽ ക്ളാസ് മുറികളൊക്കെ പൂട്ടിയ നിലയിലായിരുന്നു. ജനലിന്റെ വിടവിലൂടെ കമ്പികയറ്റി കൊളുത്തു നീക്കി തുറന്നാണ് തീയിട്ടിരിക്കുന്നത്. ജനലിനോട് ചേർന്നുകിടന്നിരുന്ന ബഞ്ചും ഇതിനുമുകളിൽ സൂക്ഷിച്ചിരുന്ന പുസ്തകങ്ങളും കത്തിനശിച്ചു. തീപടരുന്നവിധത്തിൽ സമീപത്ത് മറ്റുവസ്തുക്കൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

പുതിയ പാഠപുസ്തകങ്ങൾ എത്തുന്നതറിഞ്ഞ് അദ്ധ്യാപകർ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തീ കത്തിച്ചശേഷം മുറിയിലേക്ക് വലിച്ചെറിഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം. സ്കൂളിലും പരിസരത്തും സാമൂഹ്യവിരുദ്ധരുടെ ശല്യം പതിവാണെന്നാണ് അധികൃതർ പറയുന്നത്. ഒാഫീസിന് മുന്നിലും പരിസരത്തും മലമൂത്ര വിസർജ്ജനം നടത്തുന്നതും മദ്യപിച്ച ശേഷം കുപ്പികളും ഭക്ഷണാവിഷ്ടങ്ങളും വലിച്ചെറിയുന്നതും നിത്യസംഭവമാണ്. വിഷയത്തിൽ അടിയന്തര അന്വേഷണം വേണമെന്നും സ്കൂൾ പരിസരത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.