കുളത്തൂപ്പുഴ: തമിഴ്നാട്ടിൽ നിന്ന് പച്ചക്കറിയുമായി കുളത്തൂപ്പുഴയിലേക്ക് വന്ന പിക്ക് അപ്പ് വാനും സ്കൂട്ടറുമായി കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. തെന്മല, വെള്ളിമല സ്വദേശികളും ഒറ്റക്കൽ ഹയർ സെക്കൻണ്ടറി സ്കൂൾ വിദ്യാർത്ഥികളുമായ ആരോമൽ, ഉമാമഹേശ്വരി എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 4മണിയോടെ കുളത്തൂപ്പുഴ ഇ.എസ്.എം കോളനിക്ക് സമീപമായിരുന്നു അപകടം.
കുളത്തൂപ്പുഴയിലെ സഹപാഠിയുടെ വീട്ടിൽപോയതിനു ശേഷം മടങ്ങിവരികയായിരുന്നു വിദ്യാർത്ഥികൾ. വളവിൽ മറ്റൊരു വണ്ടിയെ മറികടന്നെത്തിയ പിക്കപ്പ് വാൻ സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായി തകർന്നു. പരിക്കേറ്റവരെ നാട്ടുകാരുടെ സഹായത്തോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.