കൊട്ടിയം: മഴക്കാലപൂർവ ശുചീകരണത്തിൽ തഴുത്തല തോടിന് അവഗണന. കാടുമൂടിക്കിടക്കുന്ന തോട് വൃത്തിയാക്കാത്തതിനാൽ കൊട്ടിയം ശിവൻനടയ്ക്ക് സമീപത്തെ അറുപതോളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് തോടുകളുടെ നീരൊഴുക്ക് സുഗമമാക്കുന്നതിനായി ജില്ലയിലാകെ പ്രവർത്തനങ്ങൾ നടന്നെങ്കിലും അധികൃതർ തഴുത്തല തോടിനെ അവഗണിച്ചതായാണ് നാട്ടുകാരുടെ പരാതി.
ശുചീകരണ പ്രവർത്തികൾക്ക് വാർഡൊന്നിന് 25,000 രൂപയും തൊഴിലുറപ്പുകാരുടെ സേവനവും ഉപയോഗിക്കാമെന്നാണ് സർക്കാർ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ആദിച്ചനല്ലൂർ പഞ്ചായത്തിലും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. എന്നാൽ തഴുത്തല തോടിന്റെ വിവിധ ഭാഗങ്ങളിൽ യാതൊരുവിധ ശുചീകരണ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല.
ജനങ്ങൾ ആശങ്കയിൽ
ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ടാകുന്ന പ്രദേശമാണ് കൊട്ടിയം ശിവൻനടയ്ക്ക് സമീപമുള്ള ഭാഗം. ഇവിടെ തഴുത്തല തോട്ടിലൂടെ വെള്ളം ഒഴുക്കി വിട്ടാണ് വീടുകളിൽ വെള്ളം കയറാതെ നോക്കുന്നത്. നിലവിൽ വളരെ പൊക്കത്തിൽ കാടുമൂടിയ അവസ്ഥയിലാണ് തോട്. മഴയ്ക്ക് മുമ്പായി തോട് വൃത്തിയാക്കിയില്ലെങ്കിൽ വെള്ളം ഒഴുകിപ്പോകുന്നതിന് തടസമാകും. ഇത് പ്രദേശത്ത് കനത്ത വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
ഇരുവശങ്ങളിലെ പാർശ്വഭിത്തികൾ തകർന്നതും തോടിന്റെ നാശത്തിന് കാരണമായിട്ടുണ്ട്. തോടിന്റെ പാർശ്വഭിത്തിക്ക് മുകളിലൂടെയാണ് പ്രദേശത്തെ ജനങ്ങൾ സഞ്ചരിക്കുന്നത്. ഇവ പൊട്ടി ഇളകിയതോടെ നൂറുകണക്കിന് വീട്ടുകാരുടെ യാത്രയും ദുരിതത്തിലാണ്.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തോട് വൃത്തിയാക്കണമെന്ന് പരിസരവാസികൾ നിവേദനം നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ നടത്തി ജനങ്ങളുടെ ദുരിതം തീർക്കാൻ അധികൃതർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം പഞ്ചായത്ത് പടിക്കൽ ഉപരോധസമരം നടത്താനുമാണ് നാട്ടുകാരുടെ തീരുമാനം.