55

കൊല്ലം: മൺറോ തുരുത്തുകാരുടെ ചിരകാല അഭിലാഷമായ പേഴുംതുരുത്ത്- പെരുമൺപാലം നിർമ്മാണത്തിനുള്ള ടെണ്ടർ രണ്ട് തവണ നീട്ടിയെങ്കിലും കരാറിലേക്ക് പോകാനാവുന്നില്ല. ചട്ടപ്രകാരം മൂന്ന് പേരെങ്കിലും ടെണ്ടർ സമർപ്പിക്കാത്തതാണ് പ്രശ്നം.

രണ്ട് മാസം മുൻപാണ് പദ്ധതി ആദ്യമായി ടെണ്ടർ ചെയ്തത്. കാലാവധി അവസാനിച്ചപ്പോൾ കൊല്ലം ബൈപ്പാസ് നിർമ്മാണം നടത്തിയ ചെറിയാൻ ആൻഡ് വർക്കി മാത്രമാണ് ടെണ്ടർ സമർപ്പിച്ചിരുന്നത്. നീട്ടിയ ടെണ്ടർ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചപ്പോഴും ആദ്യകരാറുകാരൻ മാത്രമേയുള്ളൂ. ഇതിനെ തുടർന്ന് ടെണ്ടർ കാലാവധി വീണ്ടും 10 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്.

2010 ജൂലായ് 17ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദൻ പാലം നിർമ്മാണത്തിനുള്ള ശില പാകിയിരുന്നു. ഭരണം മാറിയതോടെ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. വീണ്ടും എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതോടെയാണ് നിർമ്മാണത്തിനുള്ള നടപടി ആരംഭിച്ചത്.

വേഗത്തിൽ ലക്ഷ്യ സ്ഥാനങ്ങളിലെത്താൻ ജങ്കാർ സർവീസാണ് മൺറോ തുരുത്തുകാരുടെ ഏക ആശ്രയം. രാവിലെ 6.30 മുതൽ രാത്രി 8.30 വരയേ ജങ്കാർ സർവീസുള്ളൂ. രാത്രിയിൽ ആർക്കെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാൽ ആശുപത്രിയിലെത്തിക്കാൻ 18 കിലോ മീറ്റർ അധികം യാത്ര ചെയ്യണം. ഇത് പരിഹരിക്കാനാണ് ദീർഘകാലത്തെ ആവശ്യത്തിനൊടുവിൽ പാലം നിർമ്മാണത്തിനുള്ള പദ്ധതി തയ്യാറാക്കിയത്. ഇടക്കാലത്ത് ഇഴഞ്ഞുനീങ്ങിയ നടപടികൾ കേരളകൗമുദി പത്രത്തിൽ വന്ന വാർത്തയെ തുടർന്നാണ് വീണ്ടും ഊർജ്ജിതമായത്.

 നഷ്ടപരിഹാര പാക്കേജിന് അംഗീകാരം

പാലം നിർമ്മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കലിന്റെ ഭാഗമായി ഭൂമിയും കെട്ടിടവും നഷ്ടമാകുന്ന 42 കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാര പാക്കേജിന് അംഗീകാരമായി. 2.5 കോടിയുടെ പാക്കേജിനാണ് കിഫ്ബി അനുമതി നൽകിയിട്ടുള്ളത്

എം. മുകേഷ് എം.എൽ.എ

പാലത്തിന്റെ നീളം: 434 മീറ്റർ

സ്പാനുകളുടെ എണ്ണം:10

പദ്ധതിത്തുക: 41.22 കോടി