bus-shelter
ചിന്നക്കടയിലെ നഗരസഭയുടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കാൻ മതിയായ സൗകര്യമില്ലാത്തതിനാൽ നിൽക്കുന്ന യാത്രക്കാർ

കൊല്ലം: മുക്കാൽ കോടിയോളം രൂപ മുടക്കി ചിന്നക്കടയിൽ നിർമ്മിച്ച ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാർക്ക് 'ഇരിയ്ക്കാൻ സൗകര്യമില്ല'. 36 മീറ്റർ നീളമുള്ള കാത്തിരിപ്പ് കേന്ദ്രത്തിൽ ആകെയുള്ളത് 15 കസേരകൾ മാത്രം !

പുലർച്ചെ മുതൽ രാവേറുന്നത് വരെ നൂറു കണക്കിന് യാത്രക്കാർ ബസ് കാത്ത് നിൽക്കുന്ന കൊല്ലം നഗരഹൃദയത്തിലാണ് ഈ ദുരിതകാഴ്ച. കാത്തിരിപ്പ് കേന്ദ്രത്തിന്റെ പ്ളാറ്റ്ഫോമിന് 2.20 മീറ്റർ വീതിയുണ്ട്. യാത്രക്കാർക്ക് മഴനനയാതെ ബസ് കയറുന്നതിനായി എട്ട് മീറ്റർ വീതിയിൽ മേൽക്കൂരയും നിർമ്മിച്ചിട്ടുണ്ട്.

 പരിപാലന ചുമതല നഗരസഭയ്ക്ക്

പി.കെ.ഗുരുദാസൻ എം.എൽ.എ ആയിരിക്കെയാണ് ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 70 ലക്ഷം രൂപ അനുവദിച്ചത്. ഒരു വർഷം മുമ്പാണ് പൊതുമരാമത്ത് വിഭാഗം നിർമ്മാണം പൂർത്തീകരിച്ച് പരിപാലന ചുമതല നഗരസഭയ്‌ക്ക് കൈമാറിയത്. കാത്തിരിപ്പ് കേന്ദ്രത്തിൽ കൂടുതൽ കസേരകൾ സജ്ജമാക്കാൻ നഗരസഭ ഇതുവരെ തയ്യാറാകാത്തതിൽ യാത്രക്കാരുടെ പ്രതിഷേധം ഉയരുകയാണ്.

 രേഖകളിൽ അത്യാധുനികം

അത്യാധുനിക ബസ് കാത്തിരിപ്പ് കേന്ദ്രമെന്നാണ് സർക്കാർ രേഖകളിലെങ്കിലും നിർമ്മാണ ശൈലിയിൽ മാത്രമാണ് ആധുനികതയുള്ളത്. വൈഫൈ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉണ്ടാകുമെന്ന ഉറപ്പിലാണ് നിർമ്മാണം തുടങ്ങിയതെങ്കിലും പൂർത്തീകരിച്ചപ്പോൾ വൈഫൈ പോയിട്ട് ഇരിപ്പിടങ്ങൾ പോലും ഇല്ലാതായി.

 മുക്കാൽ കോടിയുടെ നേട്ടം ജനങ്ങൾക്ക് കിട്ടണം

യാത്രക്കാർക്കായാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചതെങ്കിൽ അവിടെ ആവശ്യത്തിന് ഇരിപ്പിടങ്ങൾ ഒരുക്കേണ്ടത് അധികൃതരുടെ ബാദ്ധ്യതയാണെന്നാണ് യാത്രക്കാരുടെ പക്ഷം. മുക്കാൽ കോടിയോളം രൂപ മുടക്കി നിർമ്മാണം നടത്തുമ്പോൾ അതിന്റെ പ്രയോജനം ജനങ്ങൾക്കുണ്ടാകണം. കൂടുതൽ ഇരിപ്പിടങ്ങൾ ഒരുക്കിയാൽ പ്രായമായവർക്കും വിദ്യാർത്ഥികൾക്കും രോഗികൾക്കും ആശ്വാസമാകും. ലക്ഷങ്ങൾ മുടക്കുമ്പോൾ സൗന്ദര്യം മാത്രമല്ല, ജനങ്ങളുടെ സൗകര്യവും പരിഗണിക്കണമെന്നും അവർ അഭിപ്രായപ്പെടുന്നു.

 കാത്തിരിപ്പ് കേന്ദ്രത്തിൽ വേണ്ടത്ര ഇരിപ്പിടങ്ങളില്ലെന്ന കാര്യം അന്വേഷിക്കും.

പി.കെ. ഗുരുദാസൻ

മുൻ എം.എൽ.എ

 ചിന്നക്കടയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ആവശ്യത്തിന് ഇരിപ്പിടങ്ങൾ നഗരസഭ ഒരുക്കും.

വി. രാജേന്ദ്രബാബു

കോർപ്പറേഷൻ മേയർ

 വേണ്ടത്ര ഇരിപ്പിടങ്ങൾ ഇല്ലാത്തത് ബുദ്ധിമുട്ടാണ്. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർക്ക് പലപ്പോഴും ഇരിക്കാൻ സൗകര്യം കിട്ടാറില്ല.

നീലിമ, വിദ്യാർത്ഥിനി