പുനലൂർ: കഴിഞ്ഞ 7 മാസമായി നവീകരണപ്രവർത്തനം ഇഴഞ്ഞു നീങ്ങിയ പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയുടെ പ്രധാന കവാടത്തിന്റെ പണികൾ ആരംഭിച്ചു. പുനലൂർ-അഞ്ചൽ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ബസ് ഡിപ്പോയുടെ യാർഡിൽ തറയോട് പാകൽ, സമീപത്തെ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയുടെയും പ്രധാന കവാടത്തിന്റെയും നിർമ്മാണം തുടങ്ങിയവ ഏഴ് മാസം മുമ്പ് ആരംഭിച്ചെങ്കിലും കരാറുകാരൻ രണ്ട് തവണ പണി ഉപേക്ഷിച്ച് മടങ്ങിയിരുന്നു. തുടർന്ന് പ്രദേശവാസികളുടെ പ്രതിഷേധവും സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജുവിന്റെ ഓഫീസിൽ നിന്നുള്ള ഇടപെടലും മൂലം കരാറുകാരൻ നിർമ്മാണജോലികൾ പലഘട്ടങ്ങളിലായി പുനരാരംഭിക്കുകയായിരുന്നു.
7 മാസം മുമ്പ് ഡിപ്പോയുടെ നവീകരണത്തിനായി നിലവിലെ ബസ് സ്റ്റാൻഡ് ചെമ്മന്തൂരിലെ സ്വകാര്യ ബസ് ഡിപ്പോയിലേക്ക് മാറ്റിയിരുന്നു. രണ്ട് മാസത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കി ബസ് ഡിപ്പോ യാത്രക്കാർക്കായി തുറന്ന് നൽകുമെന്ന് കരാറുകാരൻ ബന്ധപ്പെട്ടവർക്ക് അന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ നവീകരണപ്രവർത്തനം നീണ്ടുപോയത് യാത്രക്കാരെയും ജീവനക്കാരെയും തീരാ ദുരിതത്തിലാക്കി. പുനലൂർ ഡിപ്പോയിലെ വരുമാനവും കുത്തനെ താഴ്ന്നു. ഇത് കണക്കിലെടുത്ത് ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഡീലക്സ് അടക്കമുള്ള ദീർഘദൂര ബസുകൾ നവീകരണം നടന്നു കൊണ്ടിരിക്കുന്ന ഡിപ്പോയിൽ നിറുത്താനും അവിടെ നിന്ന് പുറപ്പെടാനും അധികൃതർ തീരുമാനിച്ചതോടെ ദീർഘ ദൂര യാത്രക്കാർക്ക് ആശ്വാസമായി. എന്നാൽ ഓർഡിനറി ബസുകളെ ആശ്രയിക്കുന്ന യാത്രക്കാർ ഇപ്പോഴും ദുരിതത്തിലാണ്. ഇതിനിടെയാണ് കരാറുകാരൻ രണ്ട് തവണ ബസ് ഡിപ്പോയുടെ നിർമ്മാണം ഉപേക്ഷിച്ച് മടങ്ങിയത്. രണ്ടാഴ്ച മുമ്പ് പുനർനിർമ്മാണം ആരംഭിച്ചതോടെ നവീകരണ പ്രവർത്തനം അന്തിമഘട്ടത്തിലാണ്.
1.60 കോടി രൂപ
മന്ത്രി കെ. രാജുവിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നനുവദിച്ച 1.60 കോടി രൂപ ചെലവഴിച്ചാണ് ഡിപ്പോ നവീകരണവും പുതിയ കെട്ടിട നിർമ്മാണവും നടത്തുന്നത്. മൂന്ന് ഘട്ടങ്ങളിലായി തുടങ്ങിയ തറയോട് പാകൽ പൂർത്തിയാക്കിയ ശേഷമാണ് പ്രധാന കവാടത്തിന്റെ പണി ഇന്നലെ ആരംഭിച്ചത്. ഇനി ഇതിന് സമീപത്ത് കാത്തിരിപ്പ് കേന്ദ്രവും നിർമ്മിക്കും. ഡിപ്പോയിലെ കെട്ടിടത്തിലെ മൂന്നാമത്തെ നിലയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. ഇവിടെ സ്ത്രീകൾക്ക് വിശ്രമ കേന്ദ്രം ഒരുക്കാനും പദ്ധതിയുണ്ട്.