ഓയൂർ: ഓയൂർ ലയൺസ് ക്ലബ് റീജിയൺ 9ലെ വിവിധ ക്ലബുകളുടെയും മണപ്പുറം ഫൈനാൻസിന്റെയും സഹായത്തോടെ വീട്ടമ്മയ്ക്ക് വീട് നിർമ്മിച്ചു നൽകി. മരുതമൺപള്ളി ഉഷാ സദനത്തിൽ സുമതി അമ്മയ്ക്കാണ് ഏഴ് ലക്ഷം രൂപ ചെലവഴിച്ച് സിംഹസദനം എന്ന പേരിൽ വീട് നിർമ്മിച്ച് നൽകിയത്. വീടിന്റെ താക്കോൽദാനം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. റീജിയൺ ചെയർമാൻ ആർ. ബിനു അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ ജോൺ ജി. കൊട്ടറ മുഖ്യപ്രഭാഷണം നടത്തി. എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ. വേണു, വാർഡ് മെമ്പർ ഷാജി മാത്യു, രാജു ചാവടി, ഓയൂർ ലയൺസ് ക്ലബ് പ്രസിഡന്റ് പ്രസാദ് അമ്പാടി, സോൺ ചെയർമാൻ കെ.ജി.എം. നായർ, വിവിധ ക്ലബുകളുടെ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.