iravipuram-thanni-road
ആദ്യഘട്ട ടാറിംഗ് നടത്തിയ ഇരവിപുരം - താന്നി റോഡിന് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇലക്ട്രിക് ഫീഡറും പോസ്റ്റുകളും

 ടാർ ചെയ്ത റോഡിന് നടുവിൽ വൈദ്യുതി ഫീഡറും തൂണുകളും

കൊല്ലം: ഇരവിപുരം- താന്നി റോഡ് വികസനം കെ.എസ്.ഇ.ബിയുടെ മെല്ലെപ്പോക്ക് കാരണം വഴിമുട്ടിയ നിലയിൽ. നാട്ടുകാരുടെ പരാതി തീർക്കാൻ ആദ്യഘട്ട ടാറിംഗ് പൂർത്തിയാക്കിയെങ്കിലും സഞ്ചരിക്കാനാകാത്ത വിധം റോഡിന്റെ നടുവിൽ നിറയെ വൈദ്യുതി തൂണുകളാണ്.

കിഫ്ബിയിൽ ഉൾപ്പെടുത്തി കല്ലുപാലം മുതൽ പുല്ലിച്ചിറ വരെയുള്ള തീരദേശ റോഡ് വികസനത്തിന്റെ ഭാഗമായാണ് കാൽനടയായി പോലും സഞ്ചരിക്കാനാകാത്ത വിധം തകർന്ന് തരിപ്പണമായിക്കിടന്ന ഇരവിപുരം- താന്നി റോഡിന്റെ വികസനം രണ്ടാഴ്ച മുമ്പ് ആരംഭിച്ചത്. കഷ്ടിച്ച് മൂന്ന് മീറ്റർ മാത്രം വീതിയുള്ള ഈ റോഡ് അഞ്ചര മീറ്ററായാണ് വികസിപ്പിക്കുന്നത്.

വീതികൂട്ടുന്നതിനാൽ നിലവിലെ റോഡിന്റെ വശങ്ങളിലുള്ള വൈദ്യുതി തൂണുകൾ പലതും മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഇതിനായി മാസങ്ങൾക്ക് മുമ്പ് തന്നെ നിർവഹണ ഏജൻസിയായ പൊതുമരാമത്ത് വകുപ്പ് വൈദ്യുതി ബോർഡിൽ 13.5 ലക്ഷം രൂപ അടച്ചു. എന്നാൽ പലതവണ ബന്ധപ്പെട്ടിട്ടും കെ.എസ്.ഇ.ബി വൈദ്യുതി തൂണുകൾ മാറ്റാൻ തയ്യാറായില്ല. ഇതോടെ വൈദ്യുതി തൂണുകൾ നിലനിർത്തി റോഡ് ടാർ ചെയ്യുകയായിരുന്നു.

 അപകട ഭീഷണിയും
തെരുവ് വിളക്കുകൾ പ്രകാശിക്കാത്ത ഈ ഭാഗത്ത് റോഡിന് മദ്ധ്യത്തായി നിൽക്കുന്ന വൈദ്യുതി തൂണുകളും ഫീഡറുകളും അപകട ഭീഷണിയും ഉയർത്തുകയാണ്. മൂന്നര മീറ്റർ റോഡിന്റെ വശത്തെ വൈദ്യുതി തൂണുകൾ അതുപോലെ നിലനിൽക്കുന്നതിനാൽ അഞ്ചര മീറ്ററായി വികസിപ്പിച്ചതിന്റെ ഗുണവും യാത്രക്കാർക്ക് ലഭിക്കുന്നില്ല.

'' വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കാനുള്ള പണം മാസങ്ങൾക്ക് മുമ്പ് തന്നെ കെ.എസ്.ഇ.ബിക്ക് കൈമാറിയിട്ടും മാറ്റി സ്ഥാപിച്ചില്ല. മഴക്കാലം ആരംഭിച്ചാൽ ടാറിംഗ് നടക്കില്ല. അതുകൊണ്ടാണ് തൂണുകളും ഫീഡറുകളും മാറ്റാതെ ടാർ ചെയ്തത്. തൂണുകൾ മാറ്റിയ ശേഷം രണ്ടാംഘട്ട ടാറിംഗ് ഉടൻ നടത്തും.''

ഡി. സാജൻ, പി.ഡബ്ലിയു.ഡി റോഡ്സ് എക്സിക്യൂട്ടീവ് എൻജിനിയർ