photo
ബി.എസ്.എൻ.എൽ കരുനാഗപ്പള്ളി മേഖലാ ഓഫീസ്.

കരുനാഗപ്പള്ളി: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ മക്കൾക്ക് സ്കൂൾ യൂണിഫോമും പാഠപുസ്തകങ്ങളും പോലും വാങ്ങാനാകാതെ ബി.എസ്.എൻ.എല്ലിലെ കരാർ തൊഴിലാളികൾ വലയുന്നു. വർഷങ്ങളായി കരാർ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് മാർച്ച് മാസം മുതലുള്ള ശമ്പളമാണ് ബി.എസ്.എൻ.എല്ലിൽ നിന്ന് കിട്ടാനുള്ളത്. ശമ്പളത്തെ കുറിച്ച് ചോദിക്കുമ്പോൾ ഉടനെ നൽകുമെന്ന ഉദ്യോഗസ്ഥരുടെ സ്ഥിരം പല്ലവിയല്ലാതെ ഒരു നടപടിയുമുണ്ടാവുന്നില്ലെന്ന് കരാർ തൊഴിലാളികൾ പറയുന്നു. ബി.എസ്.എൻ.എല്ലിലെ കരാറടിസ്ഥാനത്തിലുള്ള തൊഴിലിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഇവർ ജീവിതം കരുപ്പിടിപ്പിക്കുന്നത്. രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെ ജോലി ചെയ്താൽ 417 രൂപയാണ് ശമ്പളം. ഇതും കൃത്യമായി ലഭിക്കാറില്ലെന്നാണ് തൊഴിലാളികളുടെ പരാതി. തങ്ങളുടെ ശമ്പളം വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെന്നും ഇക്കാര്യത്തിൽ കമ്പനിയുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും നാളിതു വരെ ഉണ്ടായിട്ടില്ലെന്നും കരാർ തൊഴിലാളികൾ പറയുന്നു.

മടങ്ങുന്നത് വെറും കൈയോടെ

യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത കരാറടിസ്ഥാനത്തിലുള്ള ജോലിയിൽ നിന്ന് പിരിയുമ്പോൾ വെറും കൈയോടെയാണ് ഇവർ മടങ്ങുന്നത്. കരാർ തൊഴിലാളികളിൽ ഏറെയും കേബിളുകളുടെ അറ്റകുറ്റപ്പണികളാണ് ചെയ്യുന്നത്. തുച്ഛമായ ശമ്പളം പോലും കൃത്യമായി ലഭിക്കാത്തതാണ് ഇവരുടെ ജീവിതം ദുസഹമാകാൻ കാരണം.

41 കരാർ തൊഴിലാളികൾ

ബി.എസ്.എൻ.എൽ കരുനാഗപ്പള്ളി മേഖലയുടെ പരിധിയൽ വരുന്ന ഓച്ചിറ, കരുനാഗപ്പള്ളി, ചവറ, വള്ളിക്കാവ്, തേവലക്കര, ഇടപ്പള്ളികോട്ട, മണപ്പള്ളി, വള്ളിക്കാവ്, ആലപ്പാട് എന്നീ ഓഫീസുകളിലായി 41 കരാർ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതിൽ ഏറെ തൊഴിലാളികളും കാൽ നൂറ്റാണ്ടിലേറെയായി കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്.