ഓച്ചിറ: ഓച്ചിറ ഇലക്ട്രിസിറ്റി ഓഫീസ് പരിധിയിൽ ദിവസവും നിരവധി തവണ വൈദ്യുതി മുടങ്ങുന്നതിനെതിരയും ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരെയും ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ഓഫീസിനു മുന്നിൽ പ്രതിഷേധം സമരം നടത്തി. റംസാൻ മാസത്തിൽ പോലും വൈകുന്നേരങ്ങളിൽ കറണ്ട് പോകുന്നത് നിത്യ സംഭവമാണ്. പരാതി പറയാൻ ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്നും ജീവനക്കാരിൽ നിന്ന് മാന്യമായ പെരുമാറ്റം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്നും ഈ അവസ്ഥ തുടർന്നാൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും മണ്ഡലം കമ്മിറ്റി അറിയിച്ചു. മണ്ഡലം പ്രസിഡന്റ് ബി. എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി. സി അംഗം സി. ആർ. മഹേഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കെ. കെ . സുനികുമാർ, നീലികുളം സദാനന്ദൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് കുമാർ, ബി. സെവന്തികുമാരി, അയ്യാണിക്കൽ മജീദ്, അൻസാർ എ. മലബാർ, എച്ച് . എസ് . ജയ് ഹരി, കൃഷ്ണകുമാർ, കെ. എം. കെ. സത്താർ, അമ്പട്ട് അശോകൻ തുടങ്ങിയവർ സംസാരിച്ചു.