photo
കല്ലുവാതുക്കൽ മാർക്കറ്റിൽ മൂത്രമൊഴിക്കാതിരിക്കാൻ കെട്ടിത്തിരിച്ച സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചിരിക്കുന്നു

പാരിപ്പള്ളി: കല്ലുവാതുക്കൽ പഞ്ചായത്തിന്റെ അധീനതയിലുള്ള മാർക്കറ്റിൽ മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞ് മാലിന്യം കെട്ടിനിൽക്കുകയാണ്. ദേശീയപാതയോരത്ത് കല്ലുവാതുക്കൽ പഞ്ചായത്ത് ഒാഫീസിന്റെ മൂക്കിന് കീഴെ പ്രവർത്തിക്കുന്ന മാർക്കറ്റിനകത്തേക്ക് കാലെടുത്തു കുത്താൻ കഴിയാത്ത സ്ഥിതിയാണ്.

ലേലയിനത്തിൽ വർഷം തോറും ലക്ഷങ്ങൾ കല്ലുവാതുക്കൽ പഞ്ചായത്തിന് വരുമാനമായി ലഭിക്കുന്ന മാർക്കറ്റിനാണ് ഈ ദുരവസ്ഥ. ടൈലുകൾ പൊട്ടിപൊളിഞ്ഞ് മലിനജലം കെട്ടിനിൽക്കുന്നത് മൂലം മത്സ്യവ്യാപാരികളും നാട്ടുകാരും ഇവിടേക്ക് കടക്കാൻ മടിക്കുന്നു. മാർക്കറ്റിനുള്ളിലെ ശൗചാലയത്തിന്റെ സ്ഥിതിയും സമാനമാണ്. ഇവിടേക്ക് കടക്കണമെങ്കിൽ മലിനജലത്തിലൂടെ നടന്ന് പോകേണ്ട സ്ഥിതിയാണ്. സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ ടോയ്ലെറ്റുകൾ വേണമെന്ന നാളുകളായുള്ള ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല.

വേണ്ടത്ര സ്ഥലസൗകര്യമില്ലാത്തത് മൂലം നിലത്തിരുന്നാണ് സ്ത്രീകളടക്കമുള്ള ചെറുകിട കച്ചവടക്കാർ വ്യാപാരം നടത്തുന്നത്. മാർക്കറ്റിനകത്തുള്ള പൊതുകിണർ വൃത്തിയാക്കിയിട്ട് ഇരുപത് വർഷത്തോളമായെന്ന് വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. മാർക്കറ്റിനകത്ത് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന പഞ്ചായത്ത് അധികാരികളുടെ പ്രഖ്യാപനം വർഷങ്ങളായി കടലാസിലാണ്. നിലവിൽ അസൗകര്യങ്ങളും വൃത്തിയില്ലായ്മയും മൂലം നാട്ടുകാർ മാർക്കറ്റിനെ ഉപേക്ഷിച്ച മട്ടാണ്.