പ്രവർത്തനം തുടങ്ങിയത് കഴിഞ്ഞ ജനുവരിയിൽ
കൊട്ടാരക്കര: ജില്ലയിൽ അനുവദിച്ച എൻഫോഴ്സ്മെന്റ് ആർ.ടി. ഓഫീസിന്റെ പ്രവർത്തനം അസൗകര്യങ്ങൾക്ക് നടുവിൽ. പ്രവർത്തനം തുടങ്ങി അഞ്ച് മാസം പിന്നിടുമ്പോഴും മതിയായ സൗകര്യങ്ങൾ ഇവിടേക്ക് എത്തിയ്ക്കാൻ കഴിഞ്ഞിട്ടില്ല. കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിലാണ് എൻഫോഴ്സ്മെന്റ് ആർ.ടി ഓഫീസിന് താത്കാലിക സ്ഥലം അനുവദിച്ചത്. ഈ വർഷം ജനുവരി അവസാനത്തോടെയാണ് ഓഫീസിന്റെ പ്രവർത്തനം തുടങ്ങിയത്. റോഡപകടങ്ങൾ കുറയ്ക്കുന്നതിന് രൂപം നൽകിയ സേഫ് കേരള പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിന് മോട്ടോർ വാഹന വകുപ്പിൽ 10 ആർ.ടി.ഒ തസ്തികകൾ അനുവദിച്ചതിൽ ജില്ലയ്ക്ക് ലഭിച്ച ഓഫീസാണ് കൊട്ടാരക്കരയിൽ തുടങ്ങിയത്. എം.സി റോഡും ദേശീയപാതയും സംഗമിക്കുന്ന കൊട്ടാരക്കരയിൽ അപകടങ്ങൾ വർദ്ധിക്കുന്നെന്നാണ് ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽക്കൂടിയാണ് ആർ.ടി ഓഫീസ് കൊട്ടാരക്കരയിൽ അനുവദിച്ചത്. ജില്ലയിൽ വാഹനാപകടങ്ങളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ വാഹന പരിശോധന കർശനമാക്കാനും അപകടനിരക്ക് കുറയ്ക്കാനുമാണ് എൻഫോഴ്സ്മെന്റ് ആർ.ടി ഓഫീസ് ലക്ഷ്യമിടുന്നത്.
കുടുസ് മുറികളിൽ പ്രവർത്തനം
ആർ.ടി.ഓയും 8 വെഹിക്കിൾ ഇൻസ്പെക്ടർമാരും 22 അസി. വെഹിക്കിൾ ഇൻസ്പെക്ടർമാരും അടങ്ങുന്നതാണ് കൊട്ടാരക്കരയിലെ എൻഫോഴ്സ്മെന്റ് ആർ.ടി ഓഫീസ്. ആർ.ടി.ഓയ്ക്ക് ഇരിക്കാനായി ഒരു കുടുസ് മുറിയും മറ്റുള്ളവർക്കെല്ലാം കൂടി ഒരു ഹാളുമാണ് ഇവിടെയുള്ളത്. നേരത്തേ സ്റ്റോർ റൂമായി പ്രവത്തിച്ചിരുന്നതാണ് ഈ ഹാൾ. ഇവിടെ ആവശ്യമായ ഫർണിച്ചറുകളോ രേഖകൾ സൂക്ഷിക്കാനുള്ള സ്ഥലമോ ഇല്ല. ആർ.ടി ഓഫീസിനോട് ചേർന്നുതന്നെയുള്ള ജോ. ആർ.ടി ഓഫീസിന് മെച്ചപ്പെട്ട സൗകര്യങ്ങളുണ്ട്. എൻഫോഴ്സ്മെന്റ് ആർ.ടി ഓഫീസ് വഴി ഈടാക്കുന്ന പെറ്റി അടയ്ക്കുന്നതിനും നിലവിൽ ജോ. ആർ.ടി ഓഫീസിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
മാസം 50 ലക്ഷം രൂപ വരുമാനം
എൻഫോഴ്സ്മെന്റ് ആർ.ടി ഓഫീസ് കൊട്ടാരക്കരയിൽ പ്രവർത്തനം തുടങ്ങിയ ശേഷം മാസം 50 ലക്ഷം രൂപ സർക്കാർ ഖജനാവിലേക്ക് ഇവിടെ നിന്ന് എത്തുന്നുണ്ട്. മതിയായ രേഖകളില്ലാത്തതും മറ്റ് ക്രമക്കേടുകൾ നടത്തുന്നതുമായ വാഹനങ്ങളിൽ നിന്നും പിഴ ഈടാക്കിയാണ് ഈ തുക കണ്ടെത്തുന്നത്. തുടക്കത്തിൽത്തന്നെ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയിട്ടും ഓഫീസിലെത്തിയാൽ സ്ഥിതി പരിതാപകരമാണ്.
സ്ഥലം അനുവദിക്കും
കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനം നടക്കുകയാണ്. 7.30 കോടി രൂപയ്ക്ക് ഒരു നില കൂടി ഇവിടെ നിർമ്മിക്കുന്നതിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായിട്ടുണ്ട്. അത് സജ്ജമായാൽ എൻഫോഴ്സ്മെന്റ് ആർ.ടി ഓഫീസിന് സ്ഥലം അനുവദിക്കുമെന്ന് പി. ഐഷാ പോറ്റി എം.എൽ.എ ഉറപ്പ് നൽകിയിട്ടുണ്ട്.
കൂടുതൽ വാഹനം വേണം
ഓഫീസ് സംവിധാനം പ്രവർത്തനം തുടങ്ങിയപ്പോൾ വാഹനങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ ഉദ്യോഗസ്ഥരും റോഡ് പരിശോധനയ്ക്ക് പോകേണ്ടവരാണ്. ഇതിന് ആവശ്യമായ വാഹനങ്ങൾ ഇനിയും ആയിട്ടില്ല.