കുന്നത്തൂർ: ഷീറ്റ് മേഞ്ഞ് പച്ചക്കട്ട കെട്ടിയ കുടിലിൽ നിന്നും റാങ്കിന്റെ തിളക്കത്തിലേക്ക് നടന്നു കയറിയ എസ്. ശ്രീജ പോരുവഴി ഗ്രാമത്തിന്റെ അഭിമാനമാകുന്നു. ശാസ്താംകോട്ട കെ.എസ്.എം ദേവസ്വം ബോർഡ് കോളേജിൽ നിന്ന് ബി.എ ഹിസ്റ്ററി പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ശ്രീജ അമ്പലത്തുംഭാഗം കല്ലയ്ക്കാട്ട് ജംഗ്ഷനിൽ നടുവിലേ വീട്ടിൽ ഓമനക്കുട്ടന്റെയും സുധയുടെയും മകളാണ്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലാണ് മികവാർന്ന വിജയം ഈ കൊച്ചു മിടുക്കി കരസ്ഥമാക്കിയത്.
ഷീറ്റ് മേഞ്ഞ കൊച്ചു കുടിലിൽ പ്രാരാബ്ധങ്ങളോട് പടവെട്ടിയായിരുന്നു പഠനം. കൂലിപ്പണിക്കാരനായ ഓമനക്കുട്ടനും നെയ്ത്ത് തൊഴിലാളിയായ സുധയ്ക്കും പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിക്കൊടുക്കാൻ കഴിയുമായിരുന്നില്ല. അസുഖ ബാധിതയായതിനാൽ സുധയ്ക്ക് ഇപ്പോൾ ജോലിക്ക് പോകാനും കഴിയുന്നില്ല. ശ്രീജയിലൂടെ എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും ഉന്നത വിജയം നടുവിലേ വീട്ടിലേക്കെത്തിയിരുന്നു. കേരളത്തിന് പുറത്തുള്ള ഏതെങ്കിലും മികച്ച യൂണിവേഴ്സിറ്റിക്ക് കീഴിൽ പി.ജിക്ക് ചേരണമെന്നാണ് ശ്രീജയുടെ ആഗ്രഹം.മൂത്ത സഹോദരൻ ശ്രീകുമാർ പെരുമ്പാവൂരിലെ സ്വകാര്യ കമ്പനിയിൽ തുച്ഛമായ ശമ്പളത്തിനാണ് ജോലി നോക്കുന്നത്. ഇളയ സഹോദരി ശ്രീദേവി പ്ലസ് ടു പാസായി ബിരുദ പഠനത്തിന് തയ്യാറെടുക്കുകയാണ്. ബിരുദതലത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ശ്രീജയെ കൊടിക്കുന്നിൽ സുരേഷ് എം.പി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഡൽഹി ജെ.എൻ.യു അടക്കമുള്ള യൂണിവേഴ്സിറ്റികളിൽ തുടർപഠനത്തിനുള്ള അവസരം ഒരുക്കി നൽകാമെന്ന് അദ്ദേഹം വാഗ്ദാനം നൽകുകയും ചെയ്തു.