കുണ്ടറ: ചന്ദനത്തോപ്പ് ഗവൺമെന്റ് ഐ.ടി.ഐയിൽ നടക്കുന്ന ഇന്റർ ഐ.ടി.ഐ കലോത്സവത്തിനെത്തുന്ന ആയിരക്കണക്കിന് മത്സരാർത്ഥികൾക്കും അദ്ധ്യാപകർക്കും ഭക്ഷണമൊരുക്കുന്നത് ചന്ദനത്തോപ്പ് ഗവൺമെന്റ് ഐ.ടി.ഐയിലെ ഫുഡ് പ്രൊഡക്ഷൻ ടിപാർട്ട്മെന്റിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും. മത്സരത്തിനെത്തിയ മത്സരാർത്ഥികൾക്കും അദ്ധ്യാപകർക്കും ഭക്ഷണമൊരുക്കി വിളമ്പിയ ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്പാർട്ട്മെന്റ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. കലോത്സവ ദിവസങ്ങളിൽ രാവിലെ 7.30 മുതൽ10.30 വരെയുള്ള പ്രഭാത ഭക്ഷണത്തിന് ചപ്പാത്തിയും സോയാബീൻ മസാലയും, ഉച്ചയ്ക്ക് 12 മുതൽ 2.30 വരെ ഉച്ചഭക്ഷണത്തിന് വെജിറ്റബിൾ ബിരിയാണിയും രാത്രി 7.30 മുതൽ 10 മണി വരെ ദോശ, ചപ്പാത്തി എന്നിങ്ങനെയുമാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. അദ്ധ്യാപകരായ ജയരാജ്, അജിത്, ശരവണൻ, തോമസ്, സജീഷ്, ശിവകുമാർ എന്നിവരാണ് നേതൃത്വം നൽകുന്നത്.