കുണ്ടറ: ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷിന്റെ വീടിനുനേരെ ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ വരട്ടുചിറ ക്ഷേത്രത്തിനുസമീപത്തെ സുഷമാലയം വീടിനുനേർക്കായിരുന്നു ആക്രമണം. കല്ലേറിൽ ജനൽചില്ലുകളും ടെറസ്സിലെ അലങ്കാര ഓടുകളും തകർന്നു. പോർച്ചിൽ കിടന്ന കാറിനും കേടുപറ്റി. മോദി സർക്കാർ അധികാരമേറ്റതിൽ ആഹ്ളാദപ്രകടനം നടത്തിയ ബി.ജെ.പി. പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് സി.പി.എം. ആരോപിച്ചു. പൂച്ചയെ കിണറ്റിലിട്ട് കുടിവെള്ളം മലിനമാക്കിയതായും ആരോപണമുണ്ട്. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ഭീഷണി മുഴക്കിയശേഷമാണ് മടങ്ങിപ്പോയത്. പൂജപ്പുര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭരണപ്രതിസന്ധിയുണ്ടായതിനുപിന്നിൽ സന്തോഷ് ആണെന്ന ആരോപണമുണ്ടായിരുന്നു. ഇതാണ് ആക്രമണത്തിന് പിന്നിലുള്ളതെന്ന് സംശയിക്കുന്നു. കൊട്ടാരക്കര റൂറൽ ഡിവൈ. എസ്. പി.യും കുണ്ടറ പൊലീസും എത്തി തെളിവെടുത്തു.
പങ്കില്ലെന്ന് ബി.ജെ.പി.
കുണ്ടറ: ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സന്തോഷിന്റെ വീട് ആക്രമിച്ച സംഭവത്തിൽ സംഘപരിവാർ സംഘടനകൾക്ക് പങ്കില്ലെന്ന് ബി.ജെ.പി. അറിയിച്ചു. പെരിനാട് സാമൂഹ്യവിരുദ്ധർ നടത്തുന്ന ആക്രമണങ്ങൾ സംഘപരിവാർ സംഘടനാപ്രവർത്തകരുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമം നടത്തുകയാണ്. പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നത് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ് ആവശ്യപ്പെട്ടു.