തൃശൂർ: ഈസ്റ്റർ​ വിഷു ആഘോഷങ്ങൾക്ക് പിന്നാലെ,​ ഉയർന്ന മീൻ വില ഫോനി ചുഴലിൽ ചുറ്റി കൂടുതൽ ഉയരങ്ങളിലേക്ക്. രണ്ടാഴ്ചയ്ക്കിടെ മിക്ക മീനുകൾക്കും 25 ശതമാനത്തിലധികം വില കൂടി. 120 രൂപയിൽ താഴെ മാത്രം വിലയുണ്ടായിരുന്ന മത്തിക്ക് മാർക്കറ്റിൽ 200 രൂപയിൽ അധികമാണ് ഇന്നലത്തെ വില. മുനമ്പത്ത് ഇതിനേക്കാൾ വിലയുള്ളതിനാൽ ഇവിടെ നിന്ന് മീനെടുക്കുന്നവരും മത്തി വിൽപ്പനയ്ക്കെടുത്തില്ല. മലയാളികളുടെ ഇഷ്ട മത്സ്യമായ അയലയ്ക്ക് രണ്ടാഴ്ച കൊണ്ട് നൂറുരൂപയുടെ വർദ്ധനവാണ് ഉണ്ടായത്. നെയ്മീൻ, ആവോലി, നത്തോലി, പിലോപ്പി, വറ്റ, ചെമ്മീൻ എന്നിവയ്ക്കും വില കൂടി.

ഉൾപ്രദേശങ്ങളിൽ വിൽപ്പനയ്‌ക്കെത്തുമ്പോൾ വില വീണ്ടും കൂടും. കേരളത്തിലേയ്ക്ക് കൊണ്ടുവരുന്ന മത്സ്യം കർശന പരിശോധനയ്ക്ക് വിധേയമാക്കി തുടങ്ങിയതോടെ,​ മീൻവരവ് കുറഞ്ഞതും വില വർദ്ധനവിന് കാരണമായി. ഇത്തരത്തിൽ മത്തിയുടെ വരവും കുറഞ്ഞു. തൃശൂരിലേക്ക് പ്രധാനമായി മത്സ്യങ്ങളെത്തുന്നത് തമിഴ്‌നാട്, മുനമ്പം, കൊയിലാണ്ടി, മംഗലാപുരം ഹാർബറുകളിൽ നിന്നാണ്. മീൻവില ഉയർന്ന അവസരം മുതലാക്കി, നഗരത്തിലെ ചില ഹോട്ടലുകൾ അമിതവില ഈടാക്കുന്നുണ്ട്. പൊരിച്ച ഒരു അയക്കൂറ കഷണത്തിന് 130 മുതൽ 150 രൂപ വരെയാണ് വില.

 വിലക്കൂടുതലിന് കാരണം


1. ചൂട് കൂടിയതോടെ തീരക്കടലിൽ നിന്ന് മത്സ്യങ്ങൾ അകന്നു നിൽക്കുന്നു. ഇതോടെ പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾ വറുതിയിലായി.
2. തമിഴ്‌നാട്ടിൽ ട്രോളിംഗ് നിരോധനം തുടങ്ങിയത്
3. തിരഞ്ഞെടുപ്പും ഈസ്റ്ററും കാരണം തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാതിരുന്നതിനാൽ.
4. ഫോനി ചുഴലിക്കാറ്റ് ഭീഷണിയിൽ കടലിൽ പോകരുതെന്ന കാലാവസ്ഥാ മുന്നറിയിപ്പ്

 മത്സ്യവില കിലോഗ്രാമിന് ഇന്നലെ, രണ്ടാഴ്ച മുമ്പ്


മത്തി 240-140
അയല 230-130
വറ്റ 400-320
അയക്കൂറ 1300-950
ചെമ്മീൻ 350-280
കിളിമീൻ 400-170
ചൂര 350-260
വാള 220-190
പിലോപ്പി 250-100
ചെമ്പല്ലി 180-140
ആവോലി 600- 450

 വില കുറയാൻ സാദ്ധ്യതയില്ല

കടലിൽ പോയ ബോട്ടുകളെ ഫോനിയുടെ പേരിൽ തിരിച്ചുവിളിച്ചതോടെ,​ മീൻ വില കൂടുന്നതിന് കാരണമായി. കടലിലെ ചൂട് വർദ്ധിച്ചപ്പോൾ തന്നെ മത്സ്യലഭ്യത കുറഞ്ഞിരുന്നു. ഓഖി കാറ്റടിച്ചതിന് പിന്നാലെ കടലിൽ നിരവധി മാറ്റങ്ങൾ വന്നതായി മത്സ്യത്തൊഴിലാളികളും പറയുന്നുണ്ട്..

റോണി ( മത്സ്യവ്യാപാരി, മുതുവറ)..