ചാവക്കാട്: അപരിചിതരായ യാത്രക്കാരുടെ ദിശ തെറ്റിച്ച് ദിശാ സൂചികാ ബോർഡ്. ചാവക്കാട് ബസ് സ്റ്റാൻഡിന് മുന്നിൽ തെക്കേ ബൈപാസ് റോഡിലാണ് യാത്രിക്കാരെ വട്ടം കറക്കുന്ന ദിശാ സൂചികാ ബോർഡുള്ളത്.
ബോർഡിൽ രേഖപ്പെടുത്തിയ പ്രകാരം സഞ്ചരിച്ചാൽ അപരിചിതർ കുടുങ്ങിയത് തന്നെ. കാരണം വടക്കോട്ട് തിരിച്ച് സ്ഥാപിച്ചിട്ടുള്ള ബോർഡിൽ എറണാകുളത്തേക്കും, തൃപ്രയാറിലേക്കും ദിശ കാണിച്ചിട്ടുള്ളത് കിഴക്കു ഭാഗത്തേക്ക്. യഥാർത്ഥത്തിൽ തെക്കു ഭാഗത്തേക്ക് സഞ്ചരിച്ചാലാണ് എറണാകുളത്തേക്കും തൃപ്രയാറിലേക്കും എത്താനാകു. കൂടാതെ കോഴിക്കോട്, പൊന്നാനി, തിരൂർ, കുന്നംകുളം, ചാവക്കാട് ബീച്ച് എന്നിവിടങ്ങളിലേക്കെല്ലാം എത്തണമെങ്കിൽ പടിഞ്ഞാറ് ഭാഗത്തേക്ക് പോകണമെന്ന് ബോർഡ് പറയുന്നു. കുന്നംകുളത്തേക്ക് പോകുന്നവർ ബോർഡിൽ കാണിച്ചത് പ്രകാരം സഞ്ചരിക്കുകയാണെങ്കിൽ കുന്നംകുളം കണി കാണാൻ പോലും കഴിയില്ല. കാരണം ചാവക്കാട് നിന്നും വടക്കോട്ട് സഞ്ചരിച്ചാലെ കുന്നംകുളത്ത് എത്താൻ കഴിയൂ.
സത്യത്തിൽ ഈ ദിശാസൂചികാ ബോർഡ് സ്ഥാപിക്കേണ്ടയിടത്തല്ല സ്ഥാപിച്ചിട്ടുള്ളതെന്ന് വ്യക്തം. ബസ് സ്റ്റാൻഡിൽ നിന്നും തെക്കേ ബൈപാസ് റോഡിലേക്കു തിരിഞ്ഞു ചേറ്റുവ റോഡിൽ സ്ഥാപിക്കേണ്ട ബോർഡാണിത്. ബസ് സ്റ്റാൻഡ് റോഡിലൂടെ തെക്കേ ബൈപാസ് വഴി വരുന്ന വാഹനങ്ങൾക്ക് കാണുന്ന വിധത്തിൽ ചേറ്റുവ റോഡിൽ കിഴക്കോട്ടു തിരിച്ച് സ്ഥാപിക്കുകയാണെങ്കിൽ ബോർഡിലെ ദിശാ സൂചനയെല്ലാം കിറുകൃത്യം. ഇനിയെങ്കിലും ഈ ദിശാ സൂചികാ ബോർഡ് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.