manneduppu
എരുമപ്പെട്ടി നാലാംകല്ലിൽ കുന്നിടിച്ച് മണ്ണെടുക്കുന്നു

എരുമപ്പെട്ടി: എരുമപ്പെട്ടി മങ്ങാട് നാലാംകല്ലിൽ നടത്തിയിരുന്ന മണ്ണെടുപ്പ് പഞ്ചായത്ത് തടഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എം.എം. സലീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തടഞ്ഞത്. എരുമപ്പെട്ടി പഞ്ചായത്തിലെ കോട്ടപ്പുറം വില്ലേജിൽ ഉൾപ്പെട്ട സ്ഥലത്തു നിന്ന് കെട്ടിട നിർമ്മാണത്തിനെന്ന പേരിൽ ജിയോളജി വകുപ്പിൽ നിന്നും അനുമതി നേടിയാണ് കുന്നിടിച്ച് വൻതോതിൽ മണ്ണ് എടുത്തിരുന്നത്.

തലപ്പിള്ളി താലൂക്കിലെ കോട്ടപ്പുറം വില്ലേജിൽ 271 /2,5 സർവ്വേ നമ്പറിലുള്ള എട്ട് സെന്റ് ഭൂമിയിൽ നിന്നും 571 ക്യുബിക്ക് മണ്ണെടുക്കാനാണ് അനുമതി ലഭിച്ചിരുന്നത്. എന്നാൽ ഇതിന്റെ ഇരട്ടിയിലധികം മണ്ണെടുത്ത് കൊണ്ടുപോയതായി പരാതി ഉയർന്നിരുന്നു. ഒരാഴ്ചയായി രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് മണ്ണെടുപ്പ് നടത്തിയിരുന്നത്. നൂറ് കണക്കിന് ലോഡ് മണ്ണാണ് ഇവിടെ നിന്നും കടത്തിയിരുന്നത്.

കെട്ടിട നിർമ്മാണത്തിനെന്ന വ്യാജേന പഞ്ചായത്തിൽ നിന്നും പെർമിറ്റ് കരസ്ഥമാക്കി വൻതോതിലുള്ള മണ്ണ് കച്ചവടമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എം.എം. സലീം പരാതിയുമായി രംഗത്തെത്തിയത്. ഇതേത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ, സെക്രട്ടറി ഒ.എം. ഫ്രാൻസിസ്, അസി. എൻജിനിയർ ജ്യോതി രാജ്, ഓവർസിയർ ജോജു എന്നിവർ സ്ഥലം സന്ദർശിച്ച് മണ്ണെടുപ്പ് നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടപ്പുറം വില്ലേജ് ഓഫീസർ സുരേഷ് സ്ഥലത്തെത്തി മണ്ണെടുപ്പ് നിറുത്തിവയ്ക്കാൻ ഉത്തരവ് നൽകിയിട്ടുണ്ട്.