തകർന്ന കൊടവത്തുകുന്ന് റോഡും പാലവും
മാള: പ്രളയത്തിൽ തകർന്ന കൊടവത്തുകുന്ന് റോഡിന്റേയും പാലത്തിന്റേയും പുനർനിർമ്മാണം നടത്താതെ എം.എൽ.എ നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപണം. പാലത്തിന് സാങ്കേതിക അനുമതി ലഭിക്കലോ ഡിസൈൻ അംഗീകരിക്കലോ ഉണ്ടായിട്ടില്ലെന്ന് ജനകീയ സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിവരാവകാശത്തിലൂടെ ലഭിച്ച മറുപടിയുമായാണ് നാട്ടുകാർ ഇത്തരമൊരു വാദം ഉന്നയിച്ചിട്ടുള്ളത്.
പ്രളയത്തിൽ തകർന്ന പാലങ്ങൾക്കും റോഡുകൾക്കും സംസ്ഥാനത്ത് കഴിഞ്ഞ വർഷം അവസാനം പുനർനിർമ്മാണത്തിന് ഭരണാനുമതി നൽകിയിരുന്നു. എന്നാൽ കൊടവത്തുകുന്ന് പാലത്തിനും റോഡിനും ഭരണാനുമതി ലഭിച്ചിട്ടും സാങ്കേതികാനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം. പാലത്തിന്റെയും റോഡിന്റെയും ഡിസൈൻ അംഗീകരിക്കാത്തതിനാലാണ് സാങ്കേതികാനുമതി ലഭിക്കാത്തത്. ഈ നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ കരാർ നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂ.
പ്രളയം കഴിഞ്ഞ് എട്ട് മാസമായിട്ടും പൂർണമായി ഒലിച്ചുപോയ റോഡിന്റേയും തകർന്ന പാലത്തിന്റേയും പുനർനിർമ്മാണത്തിനായുള്ള പ്രാഥമിക നടപടികൾ പോലും പൂർത്തിയാക്കാനായിട്ടില്ല. പൂർണമായി ഒലിച്ചുപോയ റോഡ് നാട്ടുകാർ നടത്തിയ ശ്രമദാനത്തിലൂടെയാണ് ഭാഗികമായി സഞ്ചാരയോഗ്യമാക്കിയത്. ജില്ലാ കലക്ടർ ടി.വി. അനുപമയും കേന്ദ്ര സംഘവും സ്ഥലം സന്ദർശിച്ചിരുന്നു. ഇനി മഴക്കാലമായാൽ തീർത്തും സഞ്ചാരയോഗ്യമല്ലാതായി മാറുന്ന അവസ്ഥയാണുള്ളത്. ചാലക്കുടിപ്പുഴ ഗതി മാറി ഒഴുകിയെത്തിയാണ് റോഡ് ഒലിച്ചുപോയത്. ഇതിലൂടെ ഉണ്ടായിരുന്ന പ്രധാന കുടിവെള്ള പൈപ്പുകളും തകർന്നിരുന്നു. സമീപത്തെ രണ്ട് വീടുകൾ പൂർണമായി ഒലിച്ച് പോവുകയും ഒരെണ്ണത്തിന് ഭാഗികമായി തകരാർ സംഭവിക്കുകയും ചെയ്തു. വാർത്താ സമ്മേളനത്തിൽ ഡേവിസ് ടൈറ്റസ്, ജിയോ കൊടിയൻ, പി.ആർ. പ്രകാശൻ എന്നിവർ പങ്കെടുത്തു.
................................
ഉണ്ടായത് സ്വാഭാവിക കാലതാമസം: എം.എൽ.എ
ഇക്കാര്യത്തിൽ സ്വാഭാവിക കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് വി.ആർ. സുനിൽകുമാർ എം.എൽ.എ പ്രതികരിച്ചു. മൂന്ന് കോടി രൂപ നിർമ്മാണത്തിനായി അനുവദിച്ചിട്ടുണ്ടെന്നും ഡിസൈൻ ദുരന്തനിവാരണ സമിതിയുടെ നിർദേശം ഉൾപ്പെടുത്തി സമർപ്പിക്കാൻ വേണ്ടി തിരിച്ചയച്ചതാണെന്നും എം.എൽ.എ അറിയിച്ചു.