ഗുരുവായൂർ: ഗുരുവായൂർ ഇന്നർ റിംഗ് റോഡിൽ വൺവേ സമ്പ്രദായം നടപ്പിലാക്കി. ബുധനാഴ്ച മുതലാണ് വൺവേ നടപ്പിലാക്കിയത്. മഞ്ജുളാൽ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ അപ്‌സര ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പോകണം. ഇന്നർ റിംഗ് റോഡിൽ ക്ലോക്ക് വൈസിലാണ് വാഹനങ്ങൾ പോകേണ്ടത്.
ഇരുചക്ര വാഹനങ്ങൾക്കും വൺവേ ബാധകമാണ്. അമൃത് പദ്ധതിയുടെ കാന നിർമ്മാണം നടക്കുന്ന സാഹചര്യത്തിൽ വാഹന ഗതാഗതം തടസ്സമാകാതിരിക്കുന്നതിനാണ് വൺവേ നടപ്പിലാക്കിയിട്ടുള്ളത്. എന്നാൽ വൺവേ നടപ്പാക്കുന്നത് നഗരസഭാ ചെയർപേഴ്‌സൺ കൗൺസിലിൽ നിന്ന് മറച്ചുവച്ചതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് നടന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ വൺവേയെ കുറിച്ച് ചോദിച്ചിരുന്നു.
വൺവേ നടപ്പാക്കുന്നതായി വാർത്തകൾ കാണുന്നുണ്ടെന്നും ഇത് നടപ്പാക്കും മുമ്പ് ജനപ്രതിനിധികളുമായി ചർച്ച നടത്തണം എന്നുമായിരുന്നു പ്രതിപക്ഷ കൗൺസിലർമാരുടെ ആവശ്യം. എന്നാൽ വൺവേ നടപ്പാക്കുന്നില്ലെന്നായിരുന്നു ചെയർപേഴ്‌സൻ വി.എസ്. രേവതി മറുപടി നൽകിയത്. എന്നാൽ പിറ്റേന്ന് രാവിലെ മുതൽ തന്നെ നഗരത്തിൽ വൺവേ നടപ്പായി.