ചാലക്കുടി: തേനീച്ചകളുടെ ഭീഷണിയെ തുടർന്ന് അടച്ചിട്ട തുമ്പൂർമുഴി വിനോദ സഞ്ചാര കേന്ദ്രം വ്യാഴാഴ്ചയും തുറന്നില്ല. കൂടുകൾ എടുത്തുമാറ്റിയെങ്കിലും ധാരാളം തേനീച്ചകൾ പരിസരത്ത് പറന്നു നടക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തത്. പുഴയുടെ മറുകരയിൽ എറണാകുളം ജില്ലയുടെ ഭാഗമായ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിലാണ് ബുധനാഴ്ച തേനീച്ചക്കൂടിളകി വിനോദ സഞ്ചാരികളെ ആക്രമിച്ചത്.

പത്തോളം പേർക്ക് കുത്തേറ്റിരുന്നു. തൂക്കുപാലത്തിന്റെ തൂണിന് മുകളിൽ നിന്നിരുന്ന വലിയ തേനീച്ചക്കൂടാണ് ഇളകിയത്. ആയിരക്കണക്കിന് തേനീച്ചകൾ നാലുപാടും പറന്നു നടന്നു. ഇതിനിടെയാണ് തൂക്കുപാലത്തിലൂടെ സഞ്ചരിച്ചിരുന്നവർക്ക് കുത്തേറ്റത്. ഇതോടെ ഇരു സ്ഥലങ്ങളിലെയും വിനോദ സഞ്ചാരം നിറുത്തിവച്ചു. വാഴാഴ്ച രാവിലെ ഏഴാറ്റുമുഖത്ത് വീണ്ടും വിനോദ സഞ്ചാരികളെ കടത്തിവിട്ടെങ്കിലും ഉടനെ നിറുത്തിവയ്‌ക്കേണ്ടി വന്നു.

രണ്ടുപേർക്ക് കുത്തേറ്റതോടെയാണ് തൽക്കാലം കവാടം അടച്ചിടാൻ തീരുമാനിച്ചത്. എടുത്തുമാറ്റിയ സ്ഥലത്ത് അടുത്ത ദിവസം വീണ്ടും കൂട് രൂപം കൊള്ളുകയാണ്. ഏറ്റവും തിരക്കുള്ള ദിവസങ്ങളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടത്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് വലിയ നഷ്ടമാണ് വരുത്തിവച്ചത്.