bamboo
തുമ്പൂർമുഴിയിലെ മുളങ്കാട്

ചാലക്കുടി: നാടുനീങ്ങിയ മുളങ്കാടുകൾ അതിരപ്പിള്ളിയിൽ കാടുതിങ്ങി നിറയുന്നു. കൊന്നക്കുഴി മുതൽ തുടങ്ങുന്ന മുളങ്കൂട്ടങ്ങൾ വിനോദ സഞ്ചാര മേഖലയിൽ പടർന്നു പന്തലിക്കുകയാണ്. ഉൾവനത്തിലും ഇവ സജീവമാണ്. മണ്ണൊലിപ്പ് തടയുക എന്ന ലക്ഷ്യം മുൻനിറുത്തി വച്ചുപിടിപ്പിച്ച മുളകൾ തുമ്പൂർമുഴി മേഖലയിൽ ഇന്ന് അഴകും തണലുമാണ്.

ശക്തമായ കാറ്റിനെ പോലും പ്രതിരോധിച്ച് കാർഷിക വൈവിദ്ധ്യങ്ങളെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വവും പഴയ കർഷകർ ഇല്ലിക്കാടുകൾക്ക് കൽപ്പിച്ചു നൽകി. ഇതിന്റെ ഗുണവും പഴയകാല കർഷകർ അനുഭവിച്ചിരുന്നു. ആധുനിക ലോകത്ത് മുളകളുടെ സ്ഥാനം കാടിനകത്താണ്. ഇപ്പോൾ ഇവയുടെ പെരുമ ഉൾക്കൊള്ളുന്നതും വനപാലകർ മാത്രം.

തുറസായ സ്ഥലങ്ങളിൽ മുളകൾ വച്ചു പിടിപ്പിക്കുന്നതിലൂടെ കാടിന്റെ സംരക്ഷണവും അവർ ഉറപ്പു വരുത്തുന്നു. വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതിനും റോഡരികിലെ മുളങ്കാടുകൾ തടയിടുന്നുണ്ട്. ആനകൾ മാത്രമാണ് ചിലപ്പോഴൊക്കെ മുളനാമ്പുകൾ ഭക്ഷണമാക്കാൻ ശ്രമിക്കുന്നത്. എന്നാൽ മറ്റ് മൃഗങ്ങൾ ഇവയുടെ ഏഴയലത്ത് പോലും വരില്ല. ഇന്ന് ഇരുപതോളം തരം മുളകൾ അതിരപ്പിള്ളി, വാഴച്ചാൽ വനമേഖയിലുണ്ട്. ഇവയെല്ലാം ഒരു കാലത്ത് നമ്മുടെ നാട്ടിൻപുറത്തെ സന്തതികളുമായിരുന്നു.