തൃശൂർ ; പൂരനാളിൽ പുരുഷാരം കാഴ്ചകളുടെ തിരക്കിൽ നിറയുമ്പോൾ,​ തിരുവമ്പാടിയുടെ ചമയപ്പുരയുടെ അമരക്കാരൻ പുരുഷോത്തമന് തിരക്കൊഴിയും. അതു വരെയും വിശ്രമമില്ലാത്ത ദിനങ്ങളാണ് . പൂരം കാണാനെത്തുന്നവർക്ക് നാനാവർണ്ണങ്ങളുടെ മനോഹാരിത തീർക്കുന്ന കുട നിർമ്മാണത്തിന്റെ തിരക്കിലാണ് അരണാട്ടുകര സ്വദേശി പുരുഷോത്തമനടക്കം 15 ഓളം പേർ.

കരിവീരന്മാരെ സുന്ദരന്മാരാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇവർ. കഴിഞ്ഞ രണ്ട് മാസത്തോളമായി കുട, കോലം, നെറ്റിപ്പട്ടം ഉൾപ്പെടെ എഴുന്നള്ളിപ്പിൽ പങ്കെടുക്കുന്ന ആനകൾക്കുള്ള ആടയാഭരണങ്ങൾ തയ്യാറാക്കുന്നതിനുള്ള അവസാനവട്ട മിനുക്കുപണിയിലാണ്. എല്ലാ പൂരത്തിനും ആനകൾക്ക് അണിയാനുള്ള മണികളടക്കം പുതിയവയാണ് നിർമ്മിക്കുന്നത്. കുട നിർമ്മാണത്തിനുള്ള സാധന സാമഗ്രികളെല്ലാം തന്നെ ദേവസ്വം സൂററ്റിൽ നിന്നാണ് കൊണ്ടുവരുന്നത്. കഴിഞ്ഞ ഒമ്പത് വർഷമായി തിരുവമ്പാടി വിഭാഗത്തിനായി പുരുഷോത്തമത്തൻ ചമയങ്ങൾ തയ്യാറാക്കുന്നു.

നിരവധി വർഷക്കാലത്തെ അനുഭവ സമ്പത്തുമായി ചമയ നിർമ്മാണത്തിന് എത്തുന്ന പുരുഷോത്തമൻ എല്ലാക്കൊല്ലവും വ്യത്യസ്തത കൊണ്ടുവരുന്നുവെന്നതാണ് പ്രത്യേകത. ഇത്തവണ അമ്പത് സെറ്റ് കുടകളാണ് നിർമ്മിക്കുന്നത്. ഇതിൽ 45 എണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായി. ബാക്കി എതാനും ദിവസത്തിനകം പൂർത്തിയാകും. പത്തിന് വൈകീട്ടോടെ എല്ലാ പണികളും പൂർത്തിയാക്കി ചമയങ്ങൾ എല്ലാം ദേവസ്വത്തിന് കൈമാറും. കുടമാറ്റത്തിനുള്ള അലങ്കാര കുടകളെല്ലാം രഹസ്യകേന്ദ്രങ്ങളിലാണ് നിർമ്മിക്കുന്നത്. ഇത് അവസാന സമയത്ത് മാത്രമാണ് പുറത്തെടുക്കുക. ചമയ പ്രദർശനത്തിനാണ് ഇവ ആദ്യം പുറത്തെടുക്കുക.

..........
രാപ്പകൽ എന്ന വ്യത്യാസമില്ലാതെയാണ് എല്ലാവരും പ്രവർത്തിക്കുന്നത്. ഇത് ഒരു സമർപ്പണം പോലെയാണ്.(പുരുഷോത്തമൻ, തിരുവമ്പാടി വിഭാഗം)