intoxication
ലഹരിയിൽ നിന്നും മോചിതരായ സംഘം പുഷ്പഗിരിയിൽ ഒത്തുകൂടിയപ്പോൾ

ചാലക്കുടി: ലഹരിയുടെ ലോകത്തിൽ നിന്നും മോചിതരായ ഒരുകൂട്ടം ആളുകൾ ഇന്ന് ആനന്ദ ലഹരയിൽ. മേലൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിലായി 25 ഓളം പേരാണ് തങ്ങളുടെ കഴിഞ്ഞകാല കുത്തഴിഞ്ഞ ജീവിതത്തെ വകഞ്ഞുമാറ്റി, പുതിയൊരു ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. പുതിയൊരു സംഘടന രൂപീകരിച്ച ഇവർ ഇനിയൊരിക്കലും മദ്യവും മയക്കുമരുന്നും കൈ കൊണ്ട് തൊടില്ലെന്ന പ്രതിജ്ഞ എടുത്തിരിക്കുകയാണ്.

എല്ലാവരും 40 വയസ് കഴിഞ്ഞവർ, ഒരുകാലത്ത് നന്നായി അകത്താക്കിയിരുന്നവർ. ഇരുപത് വയസു മുതൽ വെള്ളമടി തുടങ്ങിയരുണ്ട്. ഭാര്യയെ മർദ്ദിക്കുക, വീട്ടിൽ ബഹളം ഉണ്ടാക്കുക ഇവയെല്ലാം ദൈനംദിന ജീവിതത്തിലെ ശീലങ്ങളായിരുന്നു. ആയകാലത്ത് അസ്സൽ മദ്യപാനിയായിരുന്നുവെന്ന് പറയാൻ കൂട്ടായ്മയിലെ മുൻ പഞ്ചായത്ത് അംഗത്തിന് തെല്ലും മടിയില്ല.

ഉണർവ് ആൽക്കഹോളിക്‌സ് അനോനിമസ് എന്ന സംഘടന രൂപീകരിച്ചാണ് ഇവർ വീണ്ടും കുടുംബ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പ്രതിവാര കുടുംബ യോഗങ്ങൾ, ലഹിരിക്കെതിരെ ബോധവത്കരണ പ്രചരണം... അങ്ങനെ നീളുന്നു കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ. സ്ത്രീകളടക്കം കുടുംബ യോഗങ്ങളിൽ സന്ദർശകരാണ്. അഞ്ചു വർഷം മുമ്പ് ആളൂർ ചൈതന്യയിൽ നടന്ന ലഹരി വിരുദ്ധ ക്യമ്പിൽ പങ്കെടുത്ത ഏതാനും ചിലരുടെ ചിന്തയിൽ നിന്നും ഉടലെടുത്ത ആശയമാണ് ഇന്ന് പുഷ്പരിഗി ഗ്രാമം കേന്ദ്രീകരിച്ച് മുന്നേറുന്ന മഹാ ദൗത്യം.

അമ്പതോളം പേർ ഉണ്ടെങ്കിലും സ്ഥിരമായി കുടുംബ യോഗങ്ങളിൽ എത്തുന്നവരെ മാത്രമേ യഥാർത്ഥ പട്ടികയിൽ ഉൾപ്പെടുത്തുന്നുള്ളൂ. പുകവലിക്കാർക്ക് പോലും സംഘടനയിൽ സ്ഥാനമില്ല. ജാതിയും മതവും രാഷ്ട്രീയവുമൊന്നും നോക്കാതെ ഒന്നക്കെട്ടായി നീങ്ങുന്ന സംഘടനയുടെ പ്രസിഡന്റ് മോഹനൻ മുണ്ടോലിയാണ്. സംഘടനയുടെ അഞ്ചാം വാർഷികം ഞായറാഴ്ച നടക്കും. എം.എൽ.എ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

ലഹരിവിമുക്ത ലോകത്തേക്ക് സ്വഗതം

ലഹരിവിമുക്ത ലോകത്തേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുകയാണ് ലക്ഷ്യം. വർഷങ്ങളായി മദ്യത്തിന് അടിമയായിരുന്ന താൻ ഇപ്പോൾ ഏറെ സന്തോഷിക്കുന്നു. ഈ ലോകത്തേക്ക് കുറെയേറെ പേരെ എത്തിക്കാൻ സംഘടനയും അംഗങ്ങളും പ്രയത്നിക്കും.

-മോഹനൻ, ഉണർവ് ആൽക്കഹോളിക്‌സ് അനോനിമസ് പ്രസിഡന്റ്