തൃശൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ഇന്ന് മണലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കും. പ്രതിനിധി സമ്മേളനം രാവിലെ പത്തിന് തുടങ്ങും. 11.30ന് കേരള ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഭൗമശാസ്ത്രജ്ഞനുമായ ഡോ. ആർ. അജയകുമാർ വർമ്മ സമ്മേളനം ഉദ്ഘാടനം ചെയ്യും. 'കേരളത്തിലെ കാലിക പരിസ്ഥിതി പ്രതിഭാസങ്ങൾ: ഒരു ശാസ്ത്രീയ വിശകലനം' എന്ന വിഷയം അവതരിപ്പിക്കും. മുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കും. ഞായറാഴ്ച വൈകിട്ട് സമാപിക്കും. സമ്മേളനത്തിന്റെ ഭക്ഷണാവശ്യത്തിനുള്ള നെല്ല് വെങ്കിടങ്ങ് കോൾപടവ് കർഷകരാണ് നൽകിയതെന്ന് സംഘാടക സമിതി ജനറൽ കൺവീനർ ടി.വി. വിശ്വംഭരനും പരിഷത്ത് ജില്ലാ സെക്രട്ടറി ടി. സത്യനാരായണനും പറഞ്ഞു.