തൃശൂർ: ശ്രീ കേരള വർമ്മ കോളേജിലെ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരായ കവിതാ മോഷണ വിവാദത്തിൽ കോളേജ് പ്രിൻസിപ്പലിന് യു.ജി.സിയുടെ നോട്ടീസ്. കവി എസ്. കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് റിപ്പോർട്ട് നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കോളേജ് മാനേജ്‌മെന്റിന്റെ നിലപാടും വ്യക്തമാക്കണം. കവിത മോഷണത്തിൽ കോളേജ് തലത്തിൽ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടെങ്കിൽ ആ റിപ്പോർട്ടും സമർപ്പിക്കണം. അദ്ധ്യാപികയുടെ സത്യസന്ധതയെ ചോദ്യം ചെയ്തുകൊണ്ടുള്ള പരാതിയിലാണ് യു.ജി.സിയുടെ ഇടപെടൽ. കലേഷിന്റെ കവിത സ്വന്തം പേരിൽ കോളേജ് അദ്ധ്യാപക സംഘടനയുടെ മാസികയിൽ പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. ഇതു മറ്റൊരാൾ നൽകിയത് വിശ്വസിച്ചപ്പോൾ സംഭവിച്ച പിഴവാണെന്ന് വ്യക്തമാക്കിയ ദീപ കലേഷിനോട് മാപ്പ് പറഞ്ഞിരുന്നു. ഇതോടെ വിവാദം കെട്ടടങ്ങിയെങ്കിലും സാമൂഹിക മാദ്ധ്യമങ്ങളിൽ വീണ്ടും ചർച്ചയായി. സംഘപരിവാറിനെതിരെ ദീപയുടെ വിമർശനങ്ങൾക്ക് കോപ്പിയടി ആക്ഷേപിച്ചായിരുന്നു എതിരാളികളുടെ മറുപടി. കവിതാ മോഷണ വിവാദത്തെ തുടർന്ന് അദ്ധ്യാപക സംഘടനയിൽ തന്നെ അഭിപ്രായഭിന്നത ഉടലെടുത്തു. പരാതിയിൽ കോളേജ് മാനേജ്‌മെന്റ് ആയ കൊച്ചിൻ ദേവസ്വം ബോർഡ് തന്നെ പ്രിൻസിപ്പലിനോട് റിപ്പോർട്ട് തേടിയിരുന്നുവെങ്കിലും നടപടികൾ ഉണ്ടായിരുന്നില്ല. വിവാദം അവസാനിച്ചിരുന്നുവെന്നു കരുതിയിരുന്ന സാഹചര്യത്തിലാണ് യു.ജി.സിയുടെ നടപടി.

'അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ' എന്ന ശീർഷകത്തിൽ എസ്. കലേഷ് 2011ൽ ബ്ലോഗിൽ പ്രസിദ്ധീകരിച്ച കവിതയിലെ വരികളാണ് ദീപ നിശാന്ത് സ്വന്തമെന്ന മട്ടിൽ പ്രസിദ്ധീകരിച്ചതും വിവാദമായതും. ഈ തിരഞ്ഞെടുപ്പിൽ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് പാട്ട് പാടി പ്രചാരണം നടത്തിയതിനെതിരെയുളള ദീപയുടെ കുറിപ്പും വിവാദത്തിന് ഇടയാക്കിയിരുന്നു.

'ഉടൻ മറുപടി നൽകും'

യു.ജി.സിയുടെ നോട്ടീസ് കഴിഞ്ഞദിവസം ലഭിച്ചിരുന്നു. എന്ന് മറുപടി നൽകണമെന്ന് അതിൽ വ്യക്തമാക്കിയിട്ടില്ല. ഉടൻ തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നും കേരളവർമ്മ കോളേജ് പ്രിൻസിപ്പൽ വി.എസ്. ഈശ്വരി പറഞ്ഞു.