തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിന് ഓലപ്പടക്കം ഉപയോഗിക്കാനാകില്ലെന്ന നിർദ്ദേശത്തെ തുടർന്നുള്ള അനിശ്ചിതത്വത്തിന് അവസാനം കാണാതെ ദേവസ്വങ്ങൾ നട്ടം തിരിയുമ്പോൾ പൂരപ്രേമികൾക്ക് ചങ്കിടിപ്പ് ഒഴിയുന്നില്ല. വെടിക്കെട്ട് കഴിഞ്ഞ കാലങ്ങളിലേതുപോലെ നടന്നില്ലെങ്കിൽ പൂരത്തിനെത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്ന ആശങ്കയിലാണ് പൂരനഗരം.
ശിവകാശിയിലെ ഡെപ്യൂട്ടി ചീഫ് കൺട്രോളറാണ് ഓലപ്പടക്കത്തിന് അനുമതി നിഷേധിച്ചത്. പൂരം വെടിക്കെട്ട് സാമഗ്രികൾ ശിവകാശിയിലെ ലാബിലേക്ക് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പരിശോധനയ്ക്കു നൽകിയപ്പോഴാണ് ഓലപ്പടക്കത്തിന് മാത്രം അനുമതി നിഷേധിച്ചത്. തൃശൂർ പൂരം വെടിക്കെട്ടിന് ഉപയോഗിക്കുന്ന ഗുണ്ടും കുഴി മിന്നലും അമിട്ടും ശിവകാശിയിലെ ലബോറട്ടറിയിൽ പരിശോധിച്ചിരുന്നു. തിരുവമ്പാടി, പാറമേക്കാവ് വെടിക്കെട്ട് ലൈസൻസികളാണ് ഇത് സമർപ്പിച്ചത്. ഇതിൽ, ഓലപ്പടക്കത്തിന് അനുമതി നൽകയില്ല. ഓലപ്പടക്കത്തിന് നിരോധനമുണ്ടെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. സുപ്രീംകോടതി ഉത്തരവുണ്ടെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശീദകരണം. എന്നാൽ, വീടുകളിൽ പൊട്ടിക്കുന്ന വെടിക്കെട്ടിനാണ് ഈ ഉത്തരവെന്ന വാദത്തിൽ ദേവസ്വം ഭാരവാഹികൾ ഉറച്ച് നിൽക്കുകയാണ്. ഉത്സവങ്ങൾക്ക് ഈ വിധി ബാധകമല്ലെന്നും അവർ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം നടത്തിയ അതേ വെടിക്കെട്ട് തന്നെ ഇക്കുറിയും നടത്താമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. എന്നിട്ടും, പഴയ ഉത്തരവിലെ ഏതോ ഭാഗം ഉന്നയിച്ച് ഉദ്യോഗസ്ഥർ ഓലപ്പടക്കത്തിന് അനുമതി നിഷേധിച്ചതിലാണ് സംഘാടകർക്ക് അതൃപ്തി.
നാഗ്പൂരിൽ നിന്നുള്ള ചീഫ് എക്‌സ്‌പ്ലോസീവ് കൺട്രോളറുടെ തീരുമാനം അറിയാത്തതിനാൽ ദേവസ്വങ്ങൾക്ക് ഉടനെ ഹർജി ഫയൽ ചെയ്യാനായില്ല. പൂരക്കമ്മിറ്റി ഭാരവാഹികൾ കൺട്രോളർക്ക് നിവേദനം നൽകിയിരുന്നു. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് വെടിക്കെട്ടിന് അനുമതി ലഭിച്ചത്. ഓലപ്പടക്കത്തിൻ്റെ കാര്യം ആ ഉത്തരവിൽ പ്രത്യേകം പറഞ്ഞിരുന്നില്ല. മേയ് 13നാണ് തൃശൂർ പൂരം.
ഇന്ന് യോഗം
പൂരം വെടിക്കെട്ടിനെക്കുറിച്ച് ചർച്ച ചെയ്യാൻ കളക്‌ടറേറ്റിൽ ശനിയാഴ്ച യോഗം ചേരും. മന്ത്രി വി.എസ്. സുനിൽകുമാർ, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ, പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്‌റ്റി ഓർഗനൈസേഷൻ പ്രതിനിധികൾ, കളക്ടർ, പൊലീസ് അഗ്‌നിരക്ഷാ സേന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. സുരക്ഷയെക്കുറിച്ചുള്ള ചർച്ചയും ഉണ്ടാവും. മാലപ്പടക്കത്തിന് പെസോ അനുമതി നിഷേധിച്ച വിഷയം ദേവസ്വം പ്രതിനിധികൾ യോഗത്തിൽ ഉന്നയിക്കും.
പെസോയുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജി തിങ്കളാഴ്ച പരിഗണിക്കും. പെസോയുടെ ചീഫ് കൺട്രോളർക്കും നിവേദനം നൽകിയിട്ടുണ്ട്. സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണ് ദേവസ്വങ്ങൾ വെടിക്കെട്ട് സാമഗ്രികൾ പെസോയ്ക്ക് സമർപ്പിച്ചത്. ഗുണ്ട്, കുഴിമിന്നൽ, അമിട്ട്, ഓലപ്പടക്കം എന്നിവയാണ് സമർപ്പിച്ചിരുന്നത്. ഇതിൽ ഓലപ്പടക്കത്തിന് ഒഴികെയുള്ളവയ്ക്കാണ് പെസോ അനുമതി നൽകിയത്.
''വെടിക്കെട്ടിനുളള തടസങ്ങൾ നീക്കണമെന്ന് ഇന്നത്തെ യോഗത്തിൽ ശക്തമായി ആവശ്യപ്പെടും. വെടിക്കെട്ട് മുൻ വർഷങ്ങളിലേതു പോലെ നടത്തണമെന്ന് തന്നെയാണ് ദേവസ്വങ്ങളുടെ പ്രധാന ആവശ്യം.''
-പ്രൊഫ.എം. മാധവൻകുട്ടി, തിരുവമ്പാടി ദേവസ്വം സെക്രട്ടറി