തൃശൂർ: പതിനഞ്ചിലേറെ വർഷമായി വൃക്കരോഗത്തിന് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ സർഗാത്മകതയിൽ പിറവിയെടുത്ത ചിത്രങ്ങളുടെ പ്രദർശനം സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ ആരംഭിച്ചു. വൃക്കരോഗിയായ ഈ കലാകാരന് അതിജീവനത്തിനായി അരങ്ങൊരുക്കാൻ ഒപ്പം നിന്ന് തൃശൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയും സാഹിത്യ അക്കാഡമിയുമുണ്ട്.
മുറ്റിച്ചൂർ പള്ളിപ്പറമ്പിൽ രാധാകൃഷ്ണൻ - പ്രസന്ന ദമ്പതികളുടെ മകനായ വിഷ്ണുസാഗർ ചികിത്സയിലെ ഏകാന്തവേളകളിൽ പേനകൊണ്ട് വരച്ച 23 ചിത്രങ്ങളുടെ പ്രദർശനമാണ് സാഹിത്യ അക്കാഡമി സൗജന്യമായി വിട്ടുകൊടുത്ത വൈലോപ്പിള്ളി ഹാളിൽ തൃശൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയിരിക്കുന്നത്. ഏഴാം ക്ലാസ് വരെ അന്തിക്കാട് മാങ്ങാട്ടുകര യു.പി സ്‌കൂളിൽ പഠിച്ച വിഷ്ണുവിന് അസുഖത്തെത്തുടർന്ന് പഠനം തുടരാനായില്ല. എന്നിട്ടും നിശ്ചയദാർഢ്യം കൊണ്ട് വീട്ടിലിരുന്ന് പഠിച്ച് പത്താം ക്ലാസ് പാസ്സായി. പ്ലസ്ടു പഠിക്കാനുള്ള ഒരുക്കത്തിലാണ് 25 വയസുകാരനായ വിഷ്ണു. ഇരുവൃക്കകളും ചുരുങ്ങുന്നതാണ് വിഷ്ണുവിന്റെ അസുഖം. ആഴ്ചയിൽ രണ്ടുദിവസം ഡയാലിസിസിന് വിധേയനാകണം. പാലിയേറ്റീവ് കെയറിൽ നിന്നുള്ള മരുന്നുകൾ കൂടാതെ പതിനായിരം രൂപയോളം പ്രതിമാസം ചെലവുണ്ട്. അതെല്ലാം മറന്നാണ് ചിത്രങ്ങളുടെ ലോകത്ത് വിഷ്ണു സജീവമാകുന്നത്.