തൃശൂർ: പാറമേക്കാവ് വിഭാഗത്തിന് പൂരവസന്തം വിടർത്താൻ പതിവു തെറ്റാതെ വസന്തൻ ഇക്കുറിയും ചമയപ്പുരയിൽ സജീവം. പുരുഷാരം വന്നണയുന്ന പൂരത്തിൽ കരിവീരൻമാർക്ക് അഴക് വിടാർത്താനുള്ള അവസാനവട്ട ഒരുക്കത്തിലാണ് വസന്തനും കൂട്ടരും. 20,000 രൂപയോളം വില വരുന്ന 55 സെറ്റ് കുടകളും ഓരോന്നിനും 25,000 രൂപയ്ക്ക് മുകളിൽ വില വരുന്ന ഫാൻസി കുടകളുമാണ് അണിയറയിൽ ഒരുങ്ങുന്നത്.
കഴിഞ്ഞ രണ്ടര മാസമായി വസന്തനും കുടെയുള്ള 20 ഓളം പേരും ചേർന്ന് വിവിധ വർണ്ണങ്ങളിലുള്ള കുടകളാണ് തയ്യാറാക്കുന്നത്. കുടമാറ്റത്തിൽ ഇരുവിഭാഗവും പുറത്തെടുക്കുന്ന സീക്രട്ട് കുടകളുടെ നിർമ്മാണം എവിടെയാണെന്ന് പുറത്തു പറയാൻ തയ്യാറല്ല. അത് അവസാന നിമിഷം മാത്രമാണ് പുറത്തെടുക്കുന്നത്. കുടകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്.
പതിനഞ്ച് ആനകളെയാണ് പാറമേക്കാവ് വിഭാഗം എഴുന്നള്ളിക്കുന്നത്. ഇവർക്ക് എഴുന്നള്ളിപ്പ് നടക്കുന്ന സമയത്തും വേണ്ട കുടകളും കുടമാറ്റ സമയത്ത് മാറ്റുന്നതിനുള്ള കുടകളുമാണ് ഒരുങ്ങുന്നത്. കൂടാതെ കോലം, നെറ്റിപ്പട്ടം, ആടയാഭരണങ്ങൾ എന്നിവയുടെ നിർമ്മാണവും അവസാനഘട്ടത്തിലാണ്.