തൃശൂർ: റേഷൻ വിതരണത്തിലെ മാഫിയ കൂട്ടുകെട്ടിന് ഒടുവിൽ കുരുക്ക്. അഴിമതി ആരോപണത്തിന് വിധേയമായ ജില്ലയിലെ ആറു താലൂക്കുകളിലെയും വാതിൽപ്പടി വിതരണത്തിനുള്ള ഗതാഗതകരാർ സപ്ലൈകോ റദ്ദാക്കി. ചാലക്കുടി, മുകുന്ദപുരം, ചാവക്കാട്, തലപ്പിള്ളി, തൃശൂർ, കൊടുങ്ങല്ലൂർ താലൂക്കുകളിലെ കരാറാണ് റദ്ദാക്കിയത്.
രാഷ്ട്രീയ - ഉദ്യോഗസ്ഥ - മാഫിയാ കൂട്ടുകെട്ടിൽ ജില്ലയിലെ ഗതാഗത കരാർ വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ പോഷകസംഘടനയുടെ ജില്ലാ ട്രഷററുടെ ബിനാമികൾക്കാണ് ലഭിച്ചത്. ഇതിനെതിരെ റേഷൻകട ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇന്നലെ നടപടി സ്വീകരിച്ചത്.
തൃശൂരിലെ കൂടാതെ പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെയും കരാർ റദ്ദാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 31നാണ് സപ്ലൈകോ കരാറിനായി ടെൻഡർ ക്ഷണിച്ചത്. കരാർ നടപടികൾക്ക് പിന്നാലെ റേഷൻ വ്യാപാരിയായ ജസോ ജോർജാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനത്തിൽ മൊത്ത വ്യാപാരിയും നിലവിൽ റേഷൻ ലൈസൻസിയുമായ ഫ്രാൻസിസ് ചെമ്മണ്ണൂരിന്റെ ബിനാമികൾക്കാണ് കരാർ ലഭിച്ചതെന്ന് ആരോപിച്ച് കഴിഞ്ഞ ജനുവരി ഏഴിനാണ് കേസ് ഫയൽ ചെയ്തത്.
ബിനാമികളായ കെ.ബി. അനിൽകുമാർ, സിസിൽ ആന്റണി, ജയിംസ് സി. സെബാസ്റ്റ്യൻ എന്നിവർ മുഖേന ഫ്രാൻസിസ് ചെമ്മണ്ണൂരിന്റെ മൂന്നു ലോറികൾ കരാറിന് അപേക്ഷ സമർപ്പിച്ചുവെന്നായിരുന്നു ആരോപണം. കൂടാതെ മൂന്നും പേരും ഒരോ അക്കൗണ്ടിൽ നിന്നുമാണ് കരാറിനായി പണം അടച്ചതെന്നും ഹർജിക്കാരൻ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി സപ്ലൈകോയോട് ആവശ്യപ്പെടുകയായിരുന്നു.
ഒന്നും ബോധിപ്പിക്കാൻ ഇല്ലാത്തതിനാലാണ് ഹാജരാകാതെ ഇരുന്നതെന്ന വിശകലനത്തിലാണ് സംഘം എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ടെൻണ്ടർ റദ്ദാക്കി പുതിയ ടെൻഡർ വിളിക്കും. സപ്ലൈകോ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ ഇക്കാര്യങ്ങൾ ശരിവയ്ക്കുകയായിരുന്നു. കരാർ നേടിയെടുക്കുന്നതിനായി മൂന്നുപേരും നൽകിയ അപേക്ഷയിൽ കൈപ്പട ഒന്നായതും പരിശോധനാ സംഘം കണ്ടെത്തിയിരുന്നു.